ഇറക്കുമതിയും കള്ളക്കടത്തും തിരിച്ചടി; കുരുമുളക് വില കുത്തനെ ഇടിഞ്ഞു
text_fieldsകട്ടപ്പന: ഇറക്കുമതിയും കള്ളക്കടത്തും തിരിച്ചടിയായതിനെത്തുടർന്ന് ഇന്ത്യൻ കുരുമുളകിന്റെ വില കുത്തനെ ഇടിയുന്നു. രണ്ട് മാസത്തിനിടെ കിലോക്ക് 90 രൂപ വരെയാണ് കുറഞ്ഞത്. ഈ വർഷം ഉൽപാദനം കുറയുമെന്ന സൂചനകൾക്കിടയിലാണ് ഈ വിലത്തകർച്ച.
വിയറ്റ്നാം മുളകിന്റെ ശ്രീലങ്ക വഴിയുള്ള ഇറക്കുമതി കൂടിയതും നേപ്പാൾ, മ്യാന്മാർ, ഭൂട്ടാൻ അതിർത്തികളിലൂടെ ഇന്ത്യയിലേക്കുള്ള കുരുമുളക് കള്ളക്കടത്ത് വർധിച്ചതുമാണ് ഇന്ത്യൻ കുരുമുളകിന് തിരിച്ചടിയായത്.
കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ ചൊവ്വാഴ്ച കിലോക്ക് 482 രൂപയിലേക്ക് വില താഴ്ന്നു. കൊച്ചി മാർക്കറ്റിൽ കിന്റലിന് 48,500 രൂപ വരെ വിലയുണ്ടായിരുന്നു.
രണ്ട് മാസം മുമ്പ് കിലോക്ക് 570 രൂപ വരെ ഉണ്ടായിരുന്ന കുരുമുളക് വിലയാണ് കുത്തനെ 482ലേക്ക് താഴ്ന്നത്. ഒന്നര മാസമായി ആഭ്യന്തര മാർക്കറ്റിൽ കുരുമുളകിന്റെ വില കുറയുന്ന പ്രവണതയാണുള്ളത്. നേപ്പാൾ അതിർത്തിയിലൂടെയാണ് പ്രധാനമായും കള്ളക്കടത്തായി കുരുമുളക് ഇന്ത്യയിലേക്ക് വരുന്നത്.
ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് 2500 ടൺ ഇറക്കുമതി നടത്തുന്നുണ്ട്. ഇത് മൂല്യവർധിത ഉൽപന്നമായി കയറ്റി അയക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. മൂന്ന് മാസം മുമ്പ് വില കിലോക്ക് 570 രൂപയിലേക്ക് ഉയർന്നിരുന്നു. പിന്നീട് പടിപടിയായി താഴുകയായിരുന്നു.
കിലോക്ക് 550 രൂപയെങ്കിലും കിട്ടിയെങ്കിലേ കൃഷി നഷ്ടമില്ലാതെ തുടരാനാകൂ. കിലോക്ക് 500 രൂപയിൽ താഴെയുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി വിദേശ വ്യാപാര ഡയറക്ടർ ജനറൽ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ വിപണിയിൽ ഉണർവ് ഉണ്ടായെങ്കിലും വ്യാപാരികളുടെ ഹരജിയെത്തുടർന്ന് ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തത് തിരിച്ചടിയായി.
കുരുമുളകിന്റെ വിലയിടിക്കാൻ ശ്രമം
ഇന്ത്യയിൽ കുരുമുളകിന് കിലോക്ക് 482 രൂപ വിലയുള്ളപ്പോൾ വിയറ്റ്നാമിൽനിന്നും ശ്രീലങ്കയിൽനിന്നും ഗുണനിലവാരം കുറഞ്ഞ കുരുമുളക് കിലോക്ക് 300 രൂപയിൽ താഴെ യഥേഷ്ടം വ്യാപാരികൾക്ക് ലഭിക്കും. ഇത് വാങ്ങി ഇന്ത്യൻ കുരുമുളകുമായി കലർത്തി കയറ്റുമതി നടത്തി വൻ ലാഭമാണ് വ്യാപാരികൾ നേടുന്നത്.
ഇന്ത്യൻ കുരുമുളകിന്റെ വിലയിടിയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്. കർഷകർക്ക് ന്യായമായും നല്ലവില ലഭിക്കേണ്ട സമയത്താണ് വ്യാപാരികളുടെ കള്ളക്കളി മൂലം കനത്ത നഷ്ടം ഉണ്ടാകുന്നത്. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഈ വർഷം ഉൽപാദനം ഉയർന്നതിനാൽ അന്തർദേശീയ വിപണിയിലും കുരുമുളകിന്റെ വില താഴുന്ന പ്രവണതയാണ് കാണിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കേരളത്തിലെ കുരുമുളകിൽ ഈർപ്പത്തിന്റെ അംശം കൂടുതലായതും, ലിറ്റർ വെയിറ്റ് കൂടിയതും മൂലം വ്യാപാരികൾ ഇപ്പോൾ വാങ്ങാൻ മടിക്കുകയാണ്. ഇതിന് പുറമെ വിലയിടിവും പൂപ്പൽ ബാധയും കുരുമുളകിന്റെ ഡിമാൻഡ് ഇടിയാൻ ഇടയാക്കി.
സാധാരണ നല്ലപോലെ ഉണങ്ങിയ ഒരു ലിറ്റർ കുരുമുളക് 550 ഗ്രാം കാണും. എന്നാൽ, ഈർപ്പം ബാധിച്ച കുരുമുളക് ഒരു ലിറ്റർ 510 ഗ്രാമിൽ കുറവായാണ് കാണുന്നത്. ഇന്ത്യയിലെ കുരുമുളക് ഉൽപാദനം ശരാശരി 80,000 ടണ്ണിനടുത്തായിരുന്നു. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് ഈ വർഷം ഉൽപാദനം 50,000 ടണ്ണിൽ താഴെയായിരിക്കുമെന്നാണ് കാർഷിക മേഖലയിലെ വിദഗ്ധർ നൽകുന്ന സൂചന. ഈ സൂചന പ്രകാരം ഇപ്പോൾ കുരുമുളകിന് മെച്ചപ്പെട്ട വില ലഭിക്കേണ്ട സമയമാണ്. എന്നിട്ടും വിലയിടിവ് തുടരുന്നത് വ്യാപാരികളുടെ കള്ളക്കളികൾ മൂലമാണെന്ന് കർഷകർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.