പെരിയവരൈ താൽക്കാലിക പാലം തകർന്നു
text_fieldsമൂന്നാർ: രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ കന്നിമലയാർ കരകവിഞ്ഞൊഴുകി പെരിയവരൈ താൽക്കാലിക പാലം തകർന്നു. ഇതോടെ അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതം നിലച്ചു. മറയൂര്‍ പഞ്ചായത്തും പെരിയവൈര അടക്കം അഞ്ച് എസ്റ്റേറ്റുകളും ഒറ്റപ്പെട്ടു. നിർമാണത്തിലിരിക്കുന്ന പാലത്തിനു മുകളിലൂടെ സാഹസികമായാണ് പലരും മൂന്നാറിലെത്തുന്നത്.
കഴിഞ്ഞ പ്രളയത്തിലാണ് ബ്രിട്ടീഷുകാർ നിർമിച്ച നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന പെരിയവരൈ പാലം തകർന്നത്. തുടർന്ന് അരലക്ഷത്തിലധികം പണം മുടക്കി പൊതുമരാമത്ത് വകുപ്പ് മൂന്നു പ്രാവശ്യം താൽക്കാലിക പാലം നിർമിച്ചെങ്കിലും കന്നിമലയാറ്റിലെ കുത്തൊഴുക്കിൽ തകർന്നു. മഴ മാറിയതോടെ കയർഫെഡിെൻറ സഹകരണത്തോടെ നിർമിച്ച പാലത്തിലൂടെയാണ് വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീണ്ടും പാലം തകരുകയായിരുന്നു.
ഇനി പാലം ഗതാഗതയോഗ്യമാകണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. നിലവിൽ ചളി നിറഞ്ഞ പാലത്തിലൂടെ സാഹസികമായാണ് പലരും അത്യാവശ്യങ്ങൾക്ക് മൂന്നാറിലെത്തുന്നത്.
തിങ്കളാഴ്ച ആരംഭിച്ച കനത്ത മഴ മൂന്നാറിൽ തുടരുകയാണ്. തിങ്കളാഴ്ച 7.92 സെൻറിമീറ്ററും ചൊവ്വാഴ്ച 14.1 സെൻറിമീറ്ററും ബുധനാഴ്ച രാവിലെവരെ 14.7 സെൻറിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. മണ്ണിടിച്ചിൽ ഭീഷണിയില്ലെങ്കിലും ശക്തമായ കാറ്റിൽ മരങ്ങൾ പലയിടത്തും കടപുഴകിയത് നാശനഷ്ടം വരുത്തി.
ദേവികുളം സി.എച്ച്.എസ്.സി, ആർ.ഡി.ഒ ഒാഫിസ്, റേഡിയോ നിലയം എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ മരങ്ങളും വെട്ടിമാറ്റാൻ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. അപകട സാധ്യത മുന്നിൽ ഫകണ്ട് ദേവികുളത്ത് ഏഴും മൂന്നാറിൽ നാല് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.
പ്രളയത്തിൽ തകർന്ന മൂന്നാർ-സൈലൻറ്വാലി റോഡ് പുനർനിർമിക്കാതെ വന്നതോടെ ഇവിടുത്തെ മൂന്നോളം എസ്റ്റേറ്റുകൾ ഏതു നിമിഷവും ഒറ്റപ്പെടുമെന്ന നിലയിലാണ്. സ്ഥിതിഗതി വിലയിരുത്താൻ ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണെൻറ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ദേവികുളം തഹസിൽദാർ ജി.ജി.എം കുന്നപ്പള്ളിയുടെ കീഴിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വില്ലേജ് ഒാഫിസർ അടങ്ങുന്ന നാലു ടീമുകളെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.