പെട്ടിമുടി: നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും പുനരധിവാസത്തിനും സ്പെഷല്‍ ടീം
text_fieldsതൊടുപുഴ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നാശനഷ്ടം തിട്ടപ്പെടുത്താനും പുനരധിവാസ ജോലികള്‍ക്കുമായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാര്‍ ബിനുജോസഫിെൻറ നേതൃത്വത്തിൽ 13 അംഗ സംഘത്തെയാണ് നിയോഗിച്ചത്. പെട്ടിമുടിയില്‍ എത്തിയ സംഘം നടപടികൾ തുടങ്ങി.
നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരിച്ചവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍ തുടങ്ങിയ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വിവരങ്ങളാണ് സ്വീകരിക്കുക. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ജോലി.
1,2,3 ടീമുകളുടെ മേല്‍നോട്ട ചുമതല ദേവികുളം താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാർ അരുണിനും നാല്, അഞ്ച് ടീമുകളുടെ മേല്‍നോട്ട ചുമതല തൊടുപുഴ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാർ കെ.എച്ച് സക്കീറിനുമാണ്.
ആദ്യഘട്ടത്തില്‍ ഓരോ ടീമും ദുരന്തം സംബന്ധിച്ച ഔദ്യോഗിക രേഖകള്‍, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നോ ഓഫിസുകളില്‍ നിന്നോ ശേഖരിക്കും. തുടര്‍ന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും ഫീല്‍ഡ് പരിശോധനയിലൂടെയും ഉരുള്‍പൊട്ടലില്‍ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്ത 82 പേരെ സംബന്ധിച്ച അടിസ്ഥാന വിവര ശേഖരണം നടത്തുകയും രേഖപ്പെടുത്തുകയും ചെയ്യും.
സര്‍ക്കാര്‍ നിർദേശിച്ച മാര്‍ഗരേഖകള്‍ക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തുകയും ഓരോ വ്യക്തികള്‍ക്കും ലഭ്യമാക്കേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ച രേഖപ്പെടുത്തല്‍ നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നടപടിയും സ്വീകരിക്കും.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് പെട്ടിമുടിയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.