എതിർത്ത് സി.പി.ഐയും; രാഷ്ട്രീയ വിവാദമായി ദുരിതാശ്വാസത്തിലെ വേർതിരിവ്
text_fieldsമൂന്നാർ: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവർക്ക് വ്യത്യസ്ത അളവിൽ സഹായധനം പ്രഖ്യാപിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. കരിപ്പൂരിൽ മരിച്ചവർക്ക് 10ലക്ഷം നൽകിയപ്പോൾ പെട്ടിമുടിക്കാർക്ക് അഞ്ചുലക്ഷം രൂപമാത്രം പ്രഖ്യാപിച്ചത് വിവേചനമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുംവിധം സി.പി.ഐ രംഗത്തെത്തി.
പെട്ടിമുടിയിലേത് ആദ്യഘട്ട സഹായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇത്തരം സമീപനം ഇടതുപക്ഷ സർക്കാറിന് ചേർന്നതല്ലെന്നാണ് ഭരണകക്ഷിയായ സി.പി.ഐയുടെ വിമർശനം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഒരുപടികൂടി കടന്ന് സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പെട്ടിമുടിയിൽ മരിച്ചവർ തീർത്തും പാവങ്ങളാണെന്നും അവരോടുള്ള ദുരിതാശ്വാസത്തിലെ വിവേചനം ഇടതുസർക്കാറിന് ഭൂഷണമല്ലെന്നും ശിവരാമൻ തുറന്നടിച്ചു.
പ്രാഥമിക ധനസഹായം മാത്രമാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ശിവരാമൻ പറയുന്നത് വിവരക്കേടാണ്. സി.പി.ഐ മന്ത്രിമാരും താനും കൂടിയിരുന്നാണ് ധനസഹായം നൽകാൻ തീരുമാനമെടുത്തത്. ഞാൻ പറഞ്ഞതു കൊണ്ട് സർക്കാർ കൂടുതൽ കൊടുെത്തന്ന് പറഞ്ഞ് ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് ചെന്നിത്തലയുടെ ലക്ഷ്യമെന്നും മണി ആരോപിച്ചു. കാലാവസ്ഥ മോശമായതുകൊണ്ട് ഹെലികോപ്ടർ ഇറങ്ങാൻ കഴിയാത്തതുമൂലമാണ് മുഖ്യമന്ത്രിക്ക് എത്താനാകാത്ത സാഹചര്യമുണ്ടായതെന്ന് മന്ത്രി മണി പറഞ്ഞു.
കരിപ്പൂരിൽ 10 ലക്ഷവും പെട്ടിമുടിയിൽ അഞ്ചുലക്ഷവുമെന്നത് കടുത്ത വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലായിടത്തും മനുഷ്യജീവന് ഒരേ വിലയാണെന്നും അതിനാൽ സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും അഭിപ്രായപ്പെട്ടു. പെട്ടിമുടിയിൽ നഷ്ടപരിഹാര തുക കുറച്ചത് ഇടുക്കിയിലെ തമിഴ് വംശജരോടുള്ള തരംതിരിവാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.