ശബരിമല തീർഥാടനം; സത്രം കാനനപാത ഇത്തവണ തുറക്കും
text_fieldsഇടുക്കി: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന ഒരുക്കം വിലയിരുത്താൻ വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ പീരുമേട്ടിൽ യോഗം ചേർന്നു. സർക്കാർ വകുപ്പുകളും ഏജൻസികളും തദ്ദേശ സ്ഥാപനങ്ങളും സജീവമാകണമെന്നും തീർഥാടനം ഇക്കുറിയും സുഗമമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
രണ്ട് വർഷമായി തുറക്കാത്ത സത്രം കാനന പാത ഇത്തവണ തുറക്കും. 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായി. വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായതായും മറ്റു പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും കലക്ടർ ഷീബ ജോര്‍ജ് ആവശ്യപ്പെട്ടു. അയ്യപ്പഭക്തർ എത്തുന്ന എല്ലാ മേഖലകളിലും പൊലീസിനെ വിന്യസിപ്പിക്കും. 24 മണിക്കൂറും സേവനം ലഭ്യമാക്കും. പ്രധാന പ്രവേശന കവാടങ്ങളിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും പൊലീസ് സുസജ്ജമാണെന്നും അധികൃതർ അറിയിച്ചു. മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും അടിയന്തര ഘട്ടങ്ങളിൽ വേണ്ട നടപടി സ്വീകരിക്കാൻ തയാറാണെന്നും ഫയര്‍ഫോഴ്സ് അധികൃതർ അറിയിച്ചു. സത്രം കാനനപാതയിലെ കാട് വെട്ടിത്തെളിച്ചതായും കുടിവെള്ളം കൊടുക്കാനുള്ള പോയന്റുകൾ സജ്ജീകരിച്ചതായും വനംവകുപ്പ് അധികൃതർ അറിയിച്ചു.
വഴിയറിയാം; ഭക്തർക്കായി മൊബൈൽ ആപ്
ഭക്തരുടെ സുരക്ഷക്കായി സോളാർ ഫെന്‍സിങ് സ്ഥാപിച്ച് തൽക്കാലിക ഷെഡ് സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. റൂട്ട് മാപ്, ഓരോ പാതയിലും ഏതൊക്കെ പോയന്റിൽ ജലം ലഭിക്കും തുടങ്ങിയ വിവരങ്ങൾ മൊബൈൽ ആപ് വഴി ലഭിക്കും. അടിയന്തര വൈദ്യസഹായത്തിനു ആപ് വഴി സഹായം തേടാൻ കഴിയും. തോട്ടപുര മേഖലയിൽ സോളാർ ഫെന്‍സിങ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചു. സത്രം മേഖലയിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം വിതരണം ഒരുക്കാൻ നിര്‍ദേശം നല്കി. അപകടകരമായി നില്ക്കുന്ന കാടുകൾ വെട്ടിത്തെളിക്കാൻ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്കി. റോഡ് സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കാനും എം.എല്‍.എ ആവശ്യപ്പെട്ടു.
ഏകോപിപ്പിച്ച വില വിവരം പ്രദർശിപ്പിക്കും
ഏകോപിപ്പിച്ച വില വിവരം ഉടന്‍ ലഭ്യമാക്കുമെന്നും വിലനിലവാരം പ്രദര്‍ശിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി. ആരോഗ്യ വിഭാഗം എല്ലാ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ആംബുലന്‍സ് സേവനം ഉറപ്പുവരുത്തും. ഓരോ പഞ്ചായത്തിലും വിരിവെക്കാനുള്ള സൗകര്യം, കുടിവെള്ളം, ശുചിമുറി തുടങ്ങിയവ ഉറപ്പുവരുത്താൻ യോഗത്തിൽ നിര്‍ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നിത്യ, എ.ഡി.എം ഷൈജു പി. ജേക്കബ്, തഹസില്‍ദാർ അജിത് ജോയി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.