നിരോധനം കർശനം; നാടെങ്ങും പ്ലാസ്റ്റിക് മാലിന്യം
text_fieldsഅടിമാലി: പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ശേഖരിക്കാൻ ഹരിതകർമ സേനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പാതയോരങ്ങളിലെ മാലിന്യ നിക്ഷേപത്തിന് കുറവില്ല. സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കാൻ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും ഇവിടേക്കുള്ള വഴികളിലും പരിസരങ്ങളിലും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ കാണാം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ വനമേഖലയിലും കല്ലാർകുട്ടി-മൈലാടുംപാറ, മൂന്നാർ-മറയൂർ, മൂന്നാർ-ലക്ഷ്മി പാതയോരങ്ങളിലും മാലിന്യം വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്.
പലയിടങ്ങളിലും മാലിന്യം ചാക്കിൽകെട്ടി കൊണ്ടിടുന്നത് കാലങ്ങളായി തുടരുകയാണ്. റോഡരികിൽ കാടുകൾ വളർന്നുനിൽക്കുന്നത് മാലിന്യം തള്ളാൻ സൗകര്യമാകുന്നു. മാലിന്യം നിക്ഷേപിക്കുന്നത് കണ്ടുപിടിക്കാൻ കാര്യമായ സംവിധാനങ്ങളില്ല. പലയിടത്തും രാത്രിയും അതിരാവിലെയുമാണ് മാലിന്യം തള്ളുന്നത്.
ചാക്കുകളിൽ കൊണ്ടിടുന്നതിൽ പ്ലാസ്റ്റിക്കിനൊപ്പം ഭക്ഷണം കഴിച്ചതിനുശേഷമുള്ള പേപ്പർ പാത്രങ്ങളും ഗ്ലാസുകളും വീടുകളിലെ മറ്റ് വസ്തുക്കളും കാണാം. പഞ്ചായത്തുകൾ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം അലക്ഷ്യമായി കൊണ്ടിടുന്നത് തടയാൻ നടപടി സ്വീകരിച്ചുവരുന്നുണ്ടെങ്കിലും സ്ഥിരമായി കൊണ്ടിടുന്ന സ്ഥലംമാറ്റി പലയിടത്തും തുടരുകയാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപാര സ്ഥാപനങ്ങൾ വിപണനം നടത്താൻ പാടില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതും പാലിക്കപ്പെടുന്നില്ല. ജൈവ മാലിന്യം സ്ഥാപനങ്ങളിലും വീടുകളിലും സ്വന്തം ഉത്തരവാദിത്തത്തിൽ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അജൈവ മാലിന്യം വേർതിരിച്ച് യൂസർഫീ നൽകി തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ സേനക്ക് നൽകണമെന്നുമാണ് നിർദേശം. എന്നാൽ, പൂർണമായി ഹരിതകർമസേനയും സജ്ജമല്ല. ടൗണുകളിൽ ഓടകൾ തന്നെ മാലിന്യവാഹിനികളാണ്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത സ്ഥലങ്ങളിലൊക്കെ മാലിന്യം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.