സൈബർ സുരക്ഷക്ക് കവചം തീർത്ത് പൊലീസ്; എല്ലാ മാസവും ആദ്യ ബുധനാഴ്ച സൈബർ ജാഗരൂകത ദിനം
text_fieldsതൊടുപുഴ: സൈബർ കുറ്റകൃത്യങ്ങൾ തടയാനും സൈബർ ലോകത്തെ ചതിക്കുഴികളിൽനിന്ന് പുതുതലമുറയെ രക്ഷിക്കാനും സുരക്ഷകവചം തീർക്കാൻ നടപടികളുമായി പൊലീസ്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ല സൈബർ ക്രൈം പൊലീസാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇതിെൻറ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, സൈബർ സുരക്ഷ ക്ലബ് രൂപവത്കരണം, പോസ്റ്റർ പ്രചാരണം തുടങ്ങിയ വിപുലമായ പരിപാടികൾക്ക് തുടക്കമായി.
കഴിഞ്ഞ ഒരാഴ്ച ജില്ലയിൽ സൈബർ സുരക്ഷ വാരമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് സൈബർ സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ജനമൈത്രി പൊലീസുമായി ചേർന്ന് മൂന്ന് ക്ലാസുകൾ സംഘടിപ്പിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ കുറവാണെന്ന് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ. പ്രേംകുമാർ പറഞ്ഞു. ഒ.ടി.പി കൈമാറിയും അപരിചിതമായ ലിങ്കുകളിൽ പ്രവേശിച്ചും പണം നഷ്ടപ്പെടുന്ന കേസുകളാണ് കൂടുതലും. ജില്ലയിൽ കുട്ടികൾക്കിടയിലെ സൈബർ കുറ്റകൃത്യങ്ങൾ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ആദ്യ ബുധനാഴ്ച ജില്ലയിൽ സൈബർ ജാഗരൂകത ദിവസമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൗ ദിവസം സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉൾപ്പെടെ കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) യൂനിറ്റുള്ള സ്കൂളുകളിലെ കുട്ടികൾക്കായി ഇതിനകം സംഘടിപ്പിച്ച ക്ലാസുകളിൽ മൂവായിരത്തോളംപേർ പെങ്കടുത്തു. മൊബൈൽ ഫോണും ഇൻറർനെറ്റും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം, എങ്ങനെ സൈബറിടങ്ങളിലെ ചതിക്കുഴികളിൽ പെടാതിരിക്കാം, മൊബൈൽ ഉപയോഗിക്കുേമ്പാൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നീ കാര്യങ്ങളാണ് വിശദീകരിച്ചത്. ഇൗ കുട്ടികളെ പരിശീലകരാക്കി മറ്റ് വിദ്യാർഥികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
സ്കൂളുകൾ തോറും സൈബർ സുരക്ഷ ക്ലബ്
ജില്ലയിലെ എല്ലാ സ്കൂളുകളിലും സൈബർ സുരക്ഷ ക്ലബുകൾ രൂപവത്കരിക്കാൻ നപടികളായി. ആദ്യഘട്ടത്തിൽ 10 സ്കൂളുകളിൽ ക്ലബുകൾ നിലവിൽവന്നു.
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ, ഹെഡ്മാസ്റ്റർ, സ്കൂളിലെ ഒരു ടെക്നിക്കൽ ജീവനക്കാരൻ, വിദ്യാർഥി പ്രതിനിധികൾ എന്നിവരാണ് ക്ലബിലെ അംഗങ്ങൾ.
പരിശീലകരെ തെരഞ്ഞെടുത്ത് ഇൗ ക്ലബുകൾ വഴി കുട്ടികൾക്ക് സൈബർ സുരക്ഷയിൽ ശക്തമായ ബോധവത്കരണം നൽകി അവർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നത് തടയുകയുമാണ് ലക്ഷ്യം. സ്കൂൾ തുറക്കുന്നതോടെ ക്ലബുകളുടെ പ്രവർത്തനം കൂടുതൽ സജീവമാകുകയും മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് ജില്ല സൈബർ ക്രൈം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.