പൊലീസ് റെയ്ഡ്: കള്ളത്തോക്കുകളും മാന്‍കൊമ്പും പിടിച്ചു; നാലുപേര്‍ അറസ്റ്റിൽ
text_fieldsതൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ അഞ്ച് നാടന്‍ തോക്കുകളും രൂപമാറ്റം വരുത്തിയ ആറ് എയര്‍ ഗണ്ണുകളും 15 ജലാറ്റിന്‍ സ്റ്റിക്കുകളും ആനയുടെ തേറ്റ, മാന്‍കൊമ്പ് തുടങ്ങിയവയും പിടിച്ചെടുത്തു. നാലുപേരെ അറസ്റ്റ് ചെയ്തു. വ്യാപകമായി കള്ളത്തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ 63 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 11കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാടന്‍തോക്ക് സൂക്ഷിച്ചതിന് കഞ്ഞിക്കുഴി മക്കുവള്ളി വാഴപ്പനാല്‍ വീട്ടില്‍ കുഞ്ഞേപ്പ് (62), വെണ്മണി ഈഴമറ്റത്തില്‍ ബേബി (54), നാടന്‍തോക്കും പിടിയാനയുടെ തേറ്റയും സൂക്ഷിച്ചതിന് ദേവികുളം ചിലന്തിയാര്‍ ലക്ഷ്മണൻ (46), ജലാറ്റിന്‍ സ്റ്റിക്ക് കൈവശംവെച്ചതിന് മുരിക്കാശ്ശേരി ജോസ്പുരത്ത് മൂക്കനാലില്‍ സജി (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാടന്‍ തോക്കിെൻറ അനുബന്ധ ഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കുടയത്തൂര്‍ അടൂര്‍മല ഭാഗത്ത് ഒറ്റപ്ലാക്കല്‍ വീട്ടില്‍ സുകുമാരന്‍ (64), നാടന്‍ തോക്കിെൻറ അനുബന്ധ ഭാഗങ്ങളും മാന്‍കൊമ്പും സൂക്ഷിച്ചതിന് മൂന്നാര്‍ താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെൻറില്‍ രഘു (35) എന്നിവര്‍ക്കെതിരെയും കേസെടുത്തു.
രൂപമാറ്റം വരുത്തിയ എയര്‍ഗണ്‍, എയര്‍പിസ്റ്റള്‍ എന്നിവ കൈവശംെവച്ചതിന് കുമളി പൊലീസ് സ്റ്റേഷനില്‍ മൂന്നും മുട്ടം, കരിങ്കുന്നം സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത ആനത്തേറ്റയും മാന്‍കൊമ്പും വനംവകുപ്പിന് കൈമാറി.
അഡീഷനല്‍ ജില്ല പൊലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാര്‍, ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്, ഡിവൈ.എസ്.പിമാരായ ജെ. സന്തോഷ് കുമാര്‍, കെ. ലാല്‍ജി, കെ.എഫ്.ഫ്രാന്‍സിസ് ഷെല്‍ബി, ആർ. സുരേഷ്, ടി. രാജപ്പന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.