കൈയേറ്റവും അനധികൃത നിർമാണവും; ചൊക്രമുടിയിൽ സോയിൽ പൈപ്പിങ്ങിന് സാധ്യതയെന്ന് റിപ്പോർട്ട്
text_fieldsഇടുക്കി: ദുർബല പരിസ്ഥിതി മേഖലയായ ചൊക്രമുടിയിൽ സോയിൽ പൈപ്പിങ്ങിന് സാധ്യതയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്.
അനധികൃതമായി തടയണ നിർമിച്ച ഭാഗത്താണു സോയിൽ പൈപ്പിങ് കണ്ടെത്തിയത്. മേഖലയിലെ കൈയേറ്റവും നിർമാണ പ്രവർത്തനങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്. പരിസ്ഥിതിലോലമായ ഈ പ്രദേശം റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നും ജിയോളജി വകുപ്പ് നിർദേശിക്കുന്നു.
ചൊക്രമുടിയിലെ നിർമാണ പ്രവർത്തനങ്ങൾ വയനാട്ടിലുണ്ടായതിന് സമാനമായ മലയിടിച്ചിലിനു കാരണമായേക്കാമെന്നും റിപ്പോർട്ടിലുണ്ട്. ഭൂമിക്കടിയിൽ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തുനിന്ന് പശിമയുള്ള കളിമണ്ണും മണലും കലർന്ന മിശ്രിതം ഒഴുകി പുറത്തേക്കു വരുന്നതാണു സോയിൽ പൈപ്പിങ്.
ഇവ ഭൂമിക്കടിയിൽ തുരങ്കംപോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണു പുറത്തേക്ക് ഒഴുകുന്നത്. സോയിൽ പൈപ്പിങ്ങുള്ള സ്ഥലങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്താൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിർമിച്ചാൽ അവ തകരാനും ഇരുന്നുപോകാനും ഇടയുണ്ട്. മരങ്ങൾ വ്യാപകമായി പിഴുതുമാറ്റിയതു പാരിസ്ഥിതിക ആഘാതത്തിനു കാരണമായിട്ടുണ്ട്.
ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിൽ റവന്യൂ, ജിയോളജി, വനം, പൊതുമരാമത്ത്, മണ്ണുസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലത്തു സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.