വൈദ്യുതി മോഷണം: പിന്നിൽ ഉന്നതൻ വരെ, അഞ്ചുമാസത്തിനിടെ പിഴ ചുമത്തിയത് 28 ലക്ഷത്തിന് മുകളിൽ
text_fieldsതൊടുപുഴ: ജില്ലയിൽ വൈദ്യുതി മോഷണത്തിനും ദുരുപയോഗത്തിനും കുറവില്ല. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ രണ്ടുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വൈദ്യുതി മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ 31 കേസുകളിലായി 28,46,646 രൂപയാണ് പിഴ ഈടാക്കിയത്.
സംസ്ഥാന വൈദ്യുതി ബോർഡിന് കീഴിലുള്ള ആൻറി പവർ തെഫ്റ്റ് സ്ക്വാഡിെൻറ ഇടുക്കി യൂനിറ്റ് നടത്തിയ 998 പരിശോധനകളിൽനിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മോഷണവും ദുരുപയോഗവും കണ്ടെത്തിയത്. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് 9,41,451 രൂപയും ദുരുപയോഗവുമായി ബന്ധപ്പെട്ട് 19,05,195 രൂപയുമാണ് പിഴ ചുമത്തിയത്.
കഴിഞ്ഞ സാമ്പത്തികവർഷം 1991 പരിശോധനകൾ നടത്തിയതിൽ 102 അപാകതകളിൽനിന്ന് 44,81,882 രൂപ പിഴ ചുമത്തി. ഇതിൽ 27 വൈദ്യുതി മോഷണങ്ങളിൽനിന്ന് 19,87,760 രൂപയും 75 വൈദ്യുതി ദുരുപയോഗ കേസുകളിൽനിന്ന് 24,94,122 രൂപ പിഴയുമാണ് ചുമത്തിയത്.
മോഷണത്തിന് ഉന്നതർ വരെ
ഉപഭോഗത്തിൽ കൃത്രിമം നടത്തി വൈദ്യുതി ബോർഡിനെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിൽ സാധാരണക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ടെന്ന് ആൻറി പവർ തെഫ്റ്റ് സ്വാഡിലെ ഉദ്യോഗസ്ഥർ പറയുന്നു.
വൈദ്യുതി മോഷ്ടിക്കുന്നതിൽ എല്ലാ വിഭാഗം ഉപഭോക്താക്കളുമുണ്ട്. മീറ്ററിലേക്ക് വൈദ്യുതി എത്താതെ നേരിട്ടെടുക്കുകയും ഇതുവഴി ഉപഭോഗത്തിെൻറ അളവ് കൃത്രിമമായി കുറച്ചുകാണിക്കുകയും ചെയ്യുന്ന രീതിയാണ് മോഷണത്തിന് പലരും അവലംബിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പീരുമേട് പിടികൂടിയ സംഭവത്തിൽ വിരമിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരനും ബന്ധുക്കളും ചേർന്ന് ഒരു വർഷമായി വൈദ്യുതി മോഷണം നടത്തിയിരുന്നതായി ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് കണ്ടെത്തി ഇവർക്ക് പിഴ ഈടാക്കിയിരുന്നു. ഇവരുടെ വീട്ടിലേക്കുള്ള ലൈനിൽ മീറ്ററിന് മുമ്പായി ലൂപ്പ് സ്ഥാപിച്ചാണ് വൈദ്യുതി മോഷ്ടിച്ചിരുന്നത്.
എന്താണ് മോഷണം?
ലൈനുകളിൽ നിന്നോ സർവിസ് വയറുകളിൽ നിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളിൽ നിന്നോ മീറ്ററിൽ രേഖപ്പെടുതാത്ത തരത്തിൽ ടാപ് ചെയ്ത് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് വൈദ്യുതി മോഷണത്തിെൻറ പരിധിയിൽ വരും.
വൈദ്യുതി മീറ്ററുകളിലോ അനുബന്ധ മീറ്ററിങ് ഉപകരണങ്ങളിലോ ക്രമക്കേട് നടത്തിയോ മീറ്റർ ഉപയോഗശൂന്യമാക്കിയോ കൃത്യമായ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താതിരിക്കുന്നതും ഉയർന്ന വോൾട്ടേജ് കടത്തിവിടുക, വിദൂര വിനിമയ സംവിധാനം ഉപയോഗിക്കുക, ഏതെങ്കിലും വസ്തുക്കൾ മീറ്ററിലെ സർക്യൂട്ട് ബോർഡിൽ ഘടിപ്പിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കൃത്യമായി രേഖപ്പെടുത്തുന്നതിന് തടസ്സം നിൽക്കുക, അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനല്ലാത്ത ദുരുദ്ദേശപരമായും മീറ്ററിൽ രേഖപ്പെടുത്താതെയും മറ്റ് ആവശ്യങ്ങൾക്കായി വൈദ്യുതി ദുരുപയോഗം ചെയ്യുക എന്നിവയെല്ലാം വൈദ്യുതി മോഷണത്തിൽപെടും.വിവരം അറിയിച്ചാൽ പ്രതിഫലം
വൈദ്യുതി മോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം നൽകാനും കെ.എസ്.ഇ.ബി തയാറാണ്. മോഷണം അറിയിക്കുന്ന ആളുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ഹൈറേഞ്ച് മേഖലകളിൽ കാർഷിക-വാണിജ്യ മേഖലകളിൽ നേരത്തേ കുറ്റകൃത്യങ്ങൾ കൂടിയിരുന്നെങ്കിലും പരിശോധന കർക്കശമാക്കിയതോടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
ഗാർഹിക മേഖലയുമായി ബന്ധപ്പെട്ടാണ് കൂടുതൽ വൈദ്യുതി മോഷണങ്ങളും നടക്കുന്നത്. ജില്ലയിലെ വൈദ്യുതി മോഷണം സംബന്ധിച്ച പരാതികളിൽ പരിശോധന നടത്തി നടപടിയെടുക്കുന്നത് ആൻറി പവർ തെഫ്റ്റ് സ്ക്വാഡാണ്. അസി. എകസിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ, സബ് എൻജിനീയർ, ലൈൻമാൻ ,ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നതാണ് സ്ക്വാഡ്.
വൈദ്യുതി മോഷണങ്ങളെക്കുറിച്ച് പരാതികളുണ്ടെങ്കിൽ 04862 235281, 9446008164 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.