ഒറ്റയിരുപ്പിൽ പ്രിൻസ് വീട്ടുമുറ്റത്ത് 'വിമാനമിറക്കി'
text_fieldsനെടുങ്കണ്ടം: ഇടത്തറ മുക്കിൽ ഇറക്കിയ വിമാനം കാണാൻ നാട്ടുകാരും കൂട്ടുകാരും പ്രിൻസിന്‍റെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയാണ്. തമിഴ്നാട്ടിൽനിന്ന് സ്വരൂപിച്ച ആക്രിസാധനങ്ങൾകൊണ്ട് എട്ടുമണിക്കൂറിൽ ഇടത്തറ മുക്ക് പ്രിയഭവനിൽ പ്രിൻസ് ഭൂവനചന്ദ്രൻ നിർമിച്ച വിമാനം കൗതുകക്കാഴ്ചയാണ്. ഒറിജിനലിനെ വെല്ലുന്ന മാതൃകയിലാണ് നിർമാണം. രാവിലെ 10.30ന് ആരംഭിച്ച നിർമാണം വൈകീട്ട് 6.30ന് അവസാനിപ്പിച്ചുവെന്ന് വിമാനം കണ്ടവരോട് പറഞ്ഞാൽ വിശ്വസിക്കുകപോലുമില്ല.
വെള്ളംകോരാൻ ഉപയോഗിക്കുന്ന തൊട്ടി, ബക്കറ്റ് പഴയ ക്ഷീറ്റുകൾ കുട്ടികളുടെ സൈക്കിളിന്‍റെയും ഇരുചക്ര വാഹനങ്ങളുടെയും ടയറുകൾ തുടങ്ങിയ ആക്രി സാധനങ്ങൾ ഉപയോഗിച്ചാണ് വിമാനം നിർമിച്ചത്.ചില സാധനങ്ങൾ സ്വരൂപിക്കാൻ തമിഴ്നാട്ടിലെ ആക്രിക്കടകളിൽ ആഴ്ചകൾ കയറിയിറങ്ങേണ്ടി വന്നെങ്കിലും പ്രിൻസിന്‍റെ കരവിരുത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. 12അടി നീളവും 11ആടി വീതിയും 6.5 അടി ഉയരമുണ്ട് വിമാനത്തിന്. സാധനങ്ങൾക്ക് മാത്രം ആകെ മുടക്കുമുതൽ 25,000 രൂപയാണ്. ഉരുട്ടിക്കൊണ്ടു പോകാവുന്ന വിധത്തിലാണ് രൂപകൽപന.
നെടുങ്കണ്ടം ഗവ. യു.പി സ്കൂളിനോട് അനുബന്ധിച്ച് നിർമാണത്തിലിരിക്കുന്ന പാർക്കിൽ സ്ഥാപിക്കാൻ ചെറുവിമാനത്തിന്‍റെ രൂപം താറാക്കിനൽകാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതിന് തുടക്കമിട്ടത്. പൂർത്തിയായി വന്നപ്പോൾ സ്കൂൾ അധികൃതർ പറഞ്ഞതിലും വലുപ്പംകൂടി. എന്നിരുന്നാലും അടുത്ത ദിവസം തന്നെ വിമാനം സ്കൂൾ അധികൃതർക്ക് കൈമാറും.മുമ്പ് തേർഡ് ക്യാമ്പ് ഗവ. എൽ.പി, സ്കൂളിൽ കാറ്റാടി യന്ത്രവും ഗ്ലോബും നിർമിച്ചുനൽകിയിട്ടുണ്ട്. തേർഡ് ക്യാമ്പിൽ വെൽഡിങ് വർക് ഷോപ്പുടമയാണ് പ്രിൻസ്. ഭാര്യ: രജിമോൾ. മക്കൾ: ഭുവന, പ്രപഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.