വെള്ളാപ്പള്ളിയെ കാത്തിരിക്കുന്നത് കാരാഗൃഹം –സി.കെ. വിദ്യാസാഗർ
text_fieldsഇടുക്കി: ഗുരുദേവ ദർശനത്തെ തമസ്കരിച്ച് ശ്രീനാരായണീയരുടെ ഫണ്ട് അപഹരണം നടത്തി സന്തത സഹചാരിയെ ആത്മഹത്യയിലേക്ക് നയിച്ച വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നത് കാരാഗൃഹമാണെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻറ് അഡ്വ. സി.കെ. വിദ്യാസാഗർ.
ഗുരുധർമവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും റിസീവർ ഭരണത്തിൻ കീഴിലാക്കുക, കെ.കെ. മഹേശെൻറ മരണത്തെക്കുറിച്ച അന്വഷണം ഊർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ഭാരവാഹികൾ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറം ശ്രീനാരായണ ധർമപരിപാലന യോഗത്തിെൻറ രജിസ്ട്രേഷൻ നഷ്ടപ്പെടുത്തിയ വെള്ളാപ്പള്ളിക്ക് ഡോക്ടർ പൽപ്പുവിെൻറ ആത്മാവ് മാപ്പ് കൊടുക്കില്ല. സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് നായർ യുവജനവേദിയുടെ യോഗത്തിൽപോയി സംസാരിച്ച് കൈയടി വാങ്ങിയ വെള്ളാപ്പള്ളി സാമുദായിക സംവരണത്തിെൻറ കടക്കൽ കത്തിവെക്കുകയാണ് ചെയ്തത്. ശ്രീനാരായണ സമൂഹം പരിപാവനമായി കരുതുന്ന ഗുരുദേവ ജയന്തിദിനം കരിദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്ത സി.പി.എം നടപടിയെയും വിദ്യാസാഗർ അപലപിച്ചു.
സഹോദര ധർമവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് അധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി കൺവീനർ അഡ്വ. ചന്ദ്രസേനൻ, അഡ്വ. കമൽജിത്, പ്രഫ. ചിത്രാംഗദൻ, ധർമവേദി വൈസ് ചെയർമാൻമാരായ സത്യൻ പന്തത്തല, കണ്ടല്ലൂർ സുധീർ എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ കെ.ടി. ഗംഗാധരൻ, എലമ്പടത്ത് രാധാകൃഷ്ണൻ, ബിജു പുതുവൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. കുഞ്ഞിക്കുട്ടൻ, യൂത്ത് മൂവ്മെൻറ് സെക്രട്ടറി മിഥുൻ സാഗർ, വക്കം അജിത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.