ലോക്ഡൗണിൽ ബ്രേക്ഡൗണായി സ്വകാര്യ ബസ് മേഖല
text_fieldsതൊടുപുഴ: കോവിഡ് വ്യാപനത്തിലും തുടർന്നുണ്ടായ ലോക്ഡൗണിലും നട്ടെല്ലൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം. ലോക്ഡൗൺ നിയന്ത്രണങ്ങൾ സ്വകാര്യ ബസ് വ്യവസായത്തിന് വരുത്തിവെച്ച നഷ്ടം ചെറുതല്ല.
ലോക്ഡൗൺ കഴിഞ്ഞാലും കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ മുന്നോട്ടുള്ള പോക്ക് എങ്ങനെയാകും എന്നും ബസുടമകൾക്ക് നിശ്ചയമില്ല. സർക്കാർ അർഹമായ പരിഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം.
പറയാൻ നഷ്ടക്കണക്ക് മാത്രം
ജില്ലയിൽ 400 ഓളം സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. നൂറുകണക്കിന് തൊഴിലാളികളും ഇതിനെ ആശ്രയിച്ച് കഴിയുന്നു. ശമ്പളം കൊടുക്കാൻപോലും വരുമാനമില്ലാതായതോടെ പല ബസുകളിലും ഉടമകൾ തന്നെയാണ് തൊഴിലാളിയും. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ 2020 മുതൽ തന്നെ സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയിലാണെന്ന് ഉടമകൾ പറയുന്നു.
നിയന്ത്രണങ്ങൾ പാലിച്ച് സര്‍വിസ് നടത്തിയിട്ട് നഷ്ടക്കണക്ക് മാത്രമായിരുന്നു ബാക്കി. പിടിച്ചുനിൽക്കാനാവാതെ വന്നതോടെ യാത്രക്കാര്‍ കുറഞ്ഞ റൂട്ടുകളിലെ സര്‍വിസുകള്‍ നേരത്തേ തന്നെ നിർത്തി. കോവിഡിെൻറ ആദ്യഘട്ടത്തില്‍ വലിയ പ്രതിസന്ധിയാണ് സ്വകാര്യ ബസുടകള്‍ നേരിട്ടത്.
സര്‍ക്കാർ മുന്നോട്ടുവെച്ച സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ച് ഏതാനും മാസം സര്‍വിസ് നടത്തി. ഡ്രൈവര്‍ കാബിന് വേര്‍തിരിച്ച് സാനിറ്റൈസര്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ബസുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, യാത്രക്കാരുടെ കുറവുമൂലം സര്‍വിസുകള്‍ നഷ്ടത്തിലായതോടെ ബസുകള്‍ പലതും ജി-ഫോം നല്കി ഷെഡിൽ കയറ്റിയിട്ടു.
വേണം, സർക്കാർ ഇടപെടൽ
കഴിഞ്ഞ വർഷത്തെ ലോക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയും മറ്റും സര്‍വിസുകള്‍ പൂര്‍ണമായും പുനരാരംഭിച്ച് നഷ്ടത്തില്‍നിന്ന് മെല്ലെ കരകയറുന്നതിനിടെയാണ് വീണ്ടും ലോക്ഡൗൺ എത്തുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് സർക്കാർ ഒമ്പത് മാസത്തെ നികുതി ഒഴിവാക്കിയിരുന്നു.
ഇത്തവണയും ഇത്തരം ഇടപെടലുകൾ വേണമെന്നാണ് ബസുടമകളുടെ ആവശ്യം. ലോക്ഡൗൺ കഴിഞ്ഞാലും യാത്രക്കാർ വർധിക്കാനുള്ള സാഹചര്യമില്ല.
അനിയന്ത്രിതമായ ഡീസൽ വില വർധനയും വെല്ലുവിളി ഉയർത്തുന്നു. ഡീസലിന് സബ്സിഡി വേണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും ഫലംകണ്ടില്ല. പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രൈവറ്റ് ബസ് ഓണോഴ്സ് അസോ. ജില്ല പ്രസിഡൻറ് കെ.കെ. തോമസ്, സെക്രട്ടറി കെ.കെ. അജിത്കുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.