പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ കയറണമെങ്കിൽ മൂക്കുപൊത്തണം
text_fieldsമൂലമറ്റം: അറക്കുളം ഗ്രാമപഞ്ചായത്തിെൻറ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ കയറണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥ. സ്റ്റാൻഡിലെ ശുചിമുറിയുടെ മാലിന്യക്കുഴിയിൽനിന്നാണ് ദുർഗന്ധം. മാലിന്യം നീക്കം ചെയ്‌തെങ്കിലും ടാങ്ക് ശരിയായ രീതിയിൽ മൂടാത്തതാണ് ദുർഗന്ധത്തിനു കാരണം.
ഇത് മൂലം മഴ പെയ്താൽ സ്റ്റാൻഡിലൂടെ ശുചിമുറി മാലിന്യം ഒഴുകുകയാണ്. മഴക്കാലത്ത് മാലിന്യം ഒഴുകുന്നതുമൂലം പലരും സ്റ്റാൻഡിൽ കയറുന്നുപോലുമില്ല. ബസ് യാത്രക്കാരും സ്റ്റാൻഡിലെ വ്യാപാരികളും ഇതുമൂലം ഏറെ കഷ്ടപ്പെടുകയാണ്. വ്യാപാരികൾ പഞ്ചായത്തിൽ പരാതി സമർപ്പിച്ചിട്ടുണ്ടങ്കിലും ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല.
ശുചിമുറി മാലിന്യം കഴിഞ്ഞ മാസം കോരിയതിൽ അഴിമതി നടന്നതായി മെംബർമാർതന്നെ പഞ്ചായത്ത് കമ്മിറ്റിയിൽ ആരോപണമുന്നയിച്ചിരുന്നു. അതുകൊണ്ട് ബാക്കിപണി തീർക്കുന്ന കാര്യത്തിലും പഞ്ചായത്ത് മൗനം പാലിക്കുകയാണ്. രണ്ട് ശുചിമുറികളാണ് ടൗണിലുള്ളത്.
ടാക്സി സ്റ്റാൻഡിലേത് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ബസ്സ്റ്റാൻഡിലേതാണ് വൃത്തിയാക്കാതെ കിടക്കുന്നത്. ടൗണിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം ഹോട്ടലുകളിലും മറ്റുമാണ് പ്രാഥമിക ആവശ്യത്തിന് ഉപയോഗിക്കുന്നത്.
ശുചിമുറി ലേലം ചെയ്ത് കൊടുത്തിട്ടുണ്ടെങ്കിലും ക്ലോസറ്റുകൾ തകരാറിലാണ്. വാഷ് ബെയ്സെൻറ ടാപ്പുകൾ ഒടിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. ശുചിമുറിയുടെ ടാങ്ക് വൃത്തിയാക്കി മുകളിൽ സ്ലാബ് വാർത്തിട്ടില്ല. അതുകൊണ്ട് ടാങ്കിൽ വെള്ളമിറങ്ങി മാലിന്യം സ്റ്റാൻഡിലൂടെ ഒഴുകുകയാണ്.
പഞ്ചായത്ത് കമ്മിറ്റിയുടെ അനങ്ങാപ്പാറ നയം അവസാനിപ്പിച്ച് ടൗണിലെ ദുർഗന്ധം ഇല്ലാതാക്കണമെന്നും ശുചിമുറി വൃത്തിയാക്കണമെന്നും ടാക്സി സ്റ്റാൻഡിലെ ശുചിമുറി തുറന്ന് കൊടുക്കണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.