സ്വകാര്യ ബസുകൾ ട്രിപ് മുടക്കുന്നു; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsഇടുക്കി: സ്വകാര്യ ബസുകളുടെ നിയമ ലംഘനത്തിനെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്. യാത്രക്കാർ ഇല്ലെന്നു പറഞ്ഞ് ട്രിപ് കട്ട് ചെയ്യുക, പല റൂട്ടുകളിലും സർവിസ് നടത്താതിരിക്കുക തുടങ്ങി സ്വകാര്യ ബസുകൾക്കെതിരെ നിരന്തര പരാതി ഉയർന്ന സാഹചര്യത്തിലാണിത്. അടുത്ത ദിവസങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയത്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. രാജീവിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.
ബസ് ജീവനക്കാർ രാത്രി വൈകിയുള്ള ട്രിപ്പുകൾ കട്ട് ചെയ്യുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഞായറാഴ്ചകളിൽ സർവിസുകൾ കുറവാണെന്നും നിരന്തര പരാതി ഉയർന്നിരുന്നു. വാഹന രേഖകൾ, എയർ ഹോൺ മുഴക്കം, വാതിൽ തുറന്നുവച്ച് ഓടുക, ഓവർ സ്പീഡ്, മത്സരയോട്ടം, ടിക്കറ്റ് നൽകാതിരിക്കൽ, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ എന്നിവയും പരിശോധിക്കുന്നുണ്ട്.
പിഴവുകൾ കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പു നൽകും. ഇത് അവഗണിച്ചു വീണ്ടും സർവിസ് തുടർന്നാൽ പിഴയും പെർമിറ്റിൻമേലുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, രേഖകൾ ഇല്ലാതെ സർവിസ് നടത്തുന്ന ബസുകൾക്കെതിരെ പിഴ ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. യാത്രക്കാരുടെ വീഴ്ചകളും കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനും ഉദ്യോഗസ്ഥർ രംഗത്തുണ്ട്. ബസുകളിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽനിന്ന് 500 രൂപ വരെ പിഴ ഈടാക്കാൻ നിയമം ഉണ്ടായിരിക്കെ അത്തരം യാത്രക്കാരോട് ദാക്ഷിണ്യം ഉണ്ടാകില്ല. യാത്രക്കാർ ടിക്കറ്റ് ചോദിച്ചു വാങ്ങണം.
ബസിൽ അല്ലാത്ത യാത്രകളിൽ വാഹനങ്ങളുടെ രേഖകൾ ശരിയല്ലെങ്കിൽ പിഴ ചുമത്തും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്- 4000 രൂപ. റോഡ് ടാക്സ്- 7500. ഇൻഷുറൻസ് സർട്ടിഫിക്കറ്റ്- 2000. പുക സർട്ടിഫിക്കറ്റ്-2000 രൂപ. ഡ്രൈവിങ് ലൈസൻസ്- 10000 കണ്ടക്ടർ ലൈസൻസ്- 500 രൂപ എന്നിങ്ങനെയാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.