സ്വകാര്യ ബസുകൾ രാത്രി ട്രിപ്പ് മുടക്കുന്നു; ഗ്രാമവാസികൾക്ക് ദുരിതം
text_fieldsഉടുമ്പന്നൂർ: രാത്രി സമയത്തുള്ള ട്രിപ്പുകൾ മുടക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനകളും നടപടികളും ഫലപ്രദമല്ലെന്ന് ആക്ഷേപം. ചില ബസ് ഉടമകൾക്ക് വേണ്ടി നടപടി മരവിപ്പിച്ചെന്നാണ് പരാതി. എന്നാൽ, ചില ബസുകൾക്കെതിരെ നടപടി എടുക്കുന്നുമുണ്ട്.
രാത്രിയായാൽ തൊടുപുഴയിൽനിന്ന് മിക്ക ഗ്രാമീണ റൂട്ടുകളിലും ബസുകൾ ഇല്ലാത്ത സ്ഥിതിയാണ്.
ഇതോടെ രാത്രി നഗരത്തിൽ എത്തുന്ന യാത്രക്കാർ ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന പെരിങ്ങാശേരിയിലേക്കുള്ള ബസ് രാത്രി 8.30നുള്ള ട്രിപ് ഓടുന്നില്ല. പരാതികൾ നൽകിയെങ്കിലും വകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പൂമാല റൂട്ടിലുള്ള അവസാന ട്രിപ്പുകളും മുടക്കുകയാണ്. കാഞ്ഞിരമറ്റം വഴി ആനക്കയം റൂട്ടിൽ കാലങ്ങളായി ഓടിയിരുന്ന സ്വകാര്യ ബസ് കോവിഡിന്റെ പേരിൽ നിർത്തി. രാത്രി എട്ടിന് തൊടുപുഴയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.30ന് തിരികെ കോട്ടയത്തിനു പോയിരുന്ന ബസാണ് ഓടാത്തത്.
ഇതേ ബസ് കോട്ടയത്തിനുള്ള രണ്ട് ട്രിപ്പുകൾ തൊടുപുഴയിൽനിന്ന് ഓടുന്നുണ്ട്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പലതവണ പരാതി കൊടുത്തെങ്കിലും ചിലരുടെ സ്വാധീനത്തിന് വഴങ്ങി നടപടി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കാരിക്കോട് വഴി രാത്രി 7.40ന് ആനക്കയം റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസും ഈ ട്രിപ്പ് നിർത്തിയിട്ട് വർഷങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.