നിർമാണ നിരോധനം: ശയനപ്രദക്ഷിണം നടത്തി ഊര് നിവാസികൾ
text_fieldsപന്നിമറ്റം: വനംവകുപ്പിെൻറ നിലപാട് മൂലം വെള്ളിയാമറ്റം പഞ്ചായത്തിലെ പട്ടികവർഗ സങ്കേതങ്ങളിലെ നിർമാണ നിരോധനത്തിൽ ഊര് നിവാസികൾ റോഡിൽ ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും പ്രതിഷേധിച്ചു.കഴിഞ്ഞവർഷം തുക അനുവദിച്ചിട്ടും സമയബന്ധിതമായി പണി പൂർത്തീകരിക്കാനും ഫണ്ട് ചെലവഴിക്കാനും കഴിയാത്തതുമൂലം പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന ഒന്നരക്കോടി രൂപയിൽ കേവലം 74 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് ഇവർ പറഞ്ഞു.
ഈ വർഷവും ഈ സ്ഥിതി തുടർന്നാൽ അടുത്തവർഷവും ഫണ്ട് ലഭിക്കുന്നതിൽ കുറവ് നേരിടും. ഇത് മഴക്കെടുതികളും കാലപ്പഴക്കവും മൂലം തകർന്ന് കാൽനടപോലും സാധ്യമാകാത്ത നിരവധി റോഡുകളുടെ കാര്യം കഷ്ടത്തിലാകും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ആംബുലൻസ് കടന്നുവരാൻ ബുദ്ധിമുട്ടുകയാണ്. നിർമാണ നിരോധനത്തിൽ ഗോത്ര വിഭാഗങ്ങൾക്കും മറ്റിതര കുടിയേറ്റ കർഷകർക്കും അഞ്ച് വർഷമായി വീട് നൽകുവാനോ സ്വന്തമായി നിർമിക്കുന്ന വീടുകൾക്ക് കെട്ടിടനമ്പർ പോലും ലഭിക്കാത്ത ഗുരുതര സാഹചര്യമാണ്.
പ്രതിഷേധം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പട്ടികവർഗ പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളുമായ അഭിലാഷ് രാജൻ, രേഖ പുഷ്പരാജൻ, രാജി ചന്ദ്രശേഖരൻ, ഊര്മൂപ്പൻ ടി.ഐ. നാരായണൻ, ഗോത്രവർഗ നേതാവ് എം.സി. തങ്കപ്പൻ, ബാലകൃഷ്ണൻ തെരുവപ്പറമ്പിൽ, സന്തോഷ് കുമാർ കണ്ണാട്ടുശ്ശേരിൽ, സബിത സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.