ഇടമലക്കുടിയിൽ പുതിയ സ്കൂൾ കെട്ടിട നിർമാണത്തിന് പദ്ധതി
text_fieldsതൊടുപുഴ: ഇടമലക്കുടിയിൽ ഏഴാം ക്ലാസുവരെ മികച്ച പഠന സൗകര്യമുറപ്പാക്കാൻ പദ്ധതി ഒരുങ്ങുന്നു. ഡീൻ കുര്യാക്കോസ് എം.പിയുടെ ശ്രമഫലമായി കൊച്ചിൻ ഷിപ്യാർഡിന്റെ സി.എസ്.ആർ ഫണ്ട് വകയിരുത്തിയതോടെയാണ് ഇതിന് സാഹചര്യം ഒരുങ്ങിയത്.
കഴിഞ്ഞ വർഷം എം.പി ഇടമലക്കുടി സന്ദർശിച്ചപ്പോൾ ഇവിടുത്തെ അധ്യാപകർ മുന്നോട്ടുവെച്ച ആവശ്യത്തെ തുടർന്ന് കൊച്ചിൻ ഷിപ്യാർഡുമായി ബന്ധപ്പെടുകയും ഇവിടെ നിന്നുള്ള സംഘം ഇടമലക്കുടി സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇടമലക്കുടിയിൽ നാലാം ക്ലാസ് വരെയാണ് സ്കൂൾ ഉള്ളതെങ്കിലും ഏഴാം ക്ലാസുവരെ അധ്യാപനം നടക്കുന്നുണ്ട്. ഗോത്ര വർഗ-മുതുവാൻ വിഭാഗക്കാരായ വിദ്യാർഥികൾ മാത്രമാണ് ഇവിടെയുള്ളത്. മൊത്തം 116 വിദ്യാർഥികൾ പഠനം നടത്തുന്നുണ്ട്. രണ്ടു ക്ലാസുകളിലെ വിദ്യാർഥികളെ ഒരുമിച്ചിരുത്തിയാണ് ഇപ്പോൾ പഠനം. നിലവിലെ സാഹചര്യം മനസ്സിലാക്കി ഷിപ്യാർഡ് പ്രോജക്ട് അംഗീകരിക്കുകയായിരുന്നു.
തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ഒരു കോടിയുടെ എസ്റ്റിമേറ്റും പ്ലാനും അംഗീകരിച്ച പശ്ചാത്തലത്തിൽ എം.പിയുടെ സാന്നിധ്യത്തിൽ കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ഓൺലൈനായി ചേർന്നു.
ദേവികുളം സബ് കലക്ടർ, ഇടുക്കി വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മേധാവി സമ്പത്ത് കുമാർ, ഡി.ഡി എജുക്കേഷൻ, ട്രൈബൽ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥർ, എ.ഇ.ഒ, പഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിർമാണ ഏജൻസിയെ തീരുമാനിച്ച് പുതുക്കിയ എസ്റ്റിമേറ്റിനും അംഗീകാരം നേടിയ ശേഷം ഉടൻ നിർമാണം ആരംഭിക്കുമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.