പദ്ധതികൾ നിരവധി; എന്നിട്ടും കുടിവെള്ളം കിട്ടാക്കനി
text_fieldsമൂലമറ്റം: പദ്ധതികൾ അനവധി ഉണ്ടായിട്ടും കുടിവെള്ളം കിട്ടാക്കനി. ആലക്കോട് ഇഞ്ചിയാനി സ്വദേശികളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്.
ജല അതോറിറ്റിയുടെ മുതല്‍ ജപ്പാെൻറ വരെയായി അനവധി കുടിവെള്ള പദ്ധതികള്‍ ഇവിടെയുണ്ട്. പക്ഷേ, വീടുകളിലും റോഡിലുമായി സ്ഥാപിച്ച പൈപ്പുകള്‍ തുറന്നാല്‍ വെള്ളം ലഭ്യമല്ലെന്നുമാത്രം. മലങ്കര ജലാശയത്തിലെ കോളപ്രയില്‍ സ്ഥാപിച്ച പമ്പ് ഹൗസില്‍നിന്നുള്ള വെള്ളം വിവിധയിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് ഉയര്‍ന്ന പ്രദേശമായ ഇഞ്ചിയാനിയിലും പരിസരങ്ങളിലും വിതരണം ചെയ്തിരുന്നത്.
വേനലായാലും മഴക്കാലമായാലും വാഹനത്തിലെത്തിക്കുന്ന കുടിവെള്ളം കാശുകൊടുത്ത് വാങ്ങേണ്ട നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. പൈപ്പ് സ്ഥാപിച്ചത് മുതല്‍ കണക്ഷന് കൊടുത്തതില്‍ വരെയുള്ള അശാസ്ത്രീയതയാണ് ഇതിന് കാരണം. താഴ്ന്ന പ്രദേശത്ത് അടുത്തകാലത്തായി നൂറുകണക്കിന് വീടുകളില്‍ പൈപ്പ് കണക്ഷനുകള്‍ നല്കി. അതിനാല്‍ പമ്പിങ് സമയത്ത് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ലഭിക്കില്ല.
പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവര്‍ നിരവധി പ്രാവശ്യം പരാതിയുമായി മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതരെ സമീപിച്ചിട്ടുണ്ട്.
പരാതി ശക്തമാകുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമാണ് ജല അതോറിറ്റി സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്കൂള്‍, അംഗൻവാടി, ദേവാലയങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇഞ്ചിയാനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ജനം തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഇനിയും അകലെയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ നേരിട്ട് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.