വാഗ്ദാനങ്ങൾ നടപ്പായില്ല; വിമലക്കും മകനും പടുത കൂരതന്നെ ആശ്രയം
text_fieldsമൂന്നാർ: വാഗ്ദാനങ്ങളുടെ പെരുമഴ കഴിഞ്ഞപ്പോൾ ചിന്നക്കനാലിലെ വിമലയും മകനും ഇപ്പോഴും പേമാരിയിൽ നനഞ്ഞ് പടുതാ കൂരക്ക് കീഴെതന്നെ. കാട്ടാനശല്യം ഭയന്ന് പാറപ്പുറത്ത് കുടിൽകെട്ടി താമസിച്ച വിമലയും മകനും സർക്കാർ വാഗ്ദാനം വിശ്വസിച്ച് താഴെയെത്തിയെങ്കിലും പഴയ പടുത തന്നെയാണ് ഇപ്പോഴും ആശ്രയം.
ചിന്നക്കനാൽ 301 കോളനിയിൽ പാറപ്പുറത്ത് താമസിക്കുന്ന ആദിവാസികളായ കുടുംബത്തിന് വീടും സ്ഥലവും നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞു. പക്ഷേ, ഇതുവരെ വീടിനും ഭൂമിക്കുമുള്ള ഒരു നടപടിയും ആരംഭിക്കാത്തതാണ് ഇവരെ വലക്കുന്നത്.
വിമലക്ക് പുതിയ വീട് സർക്കാർ അനുവദിക്കുമെന്ന് സെപ്റ്റംബർ പകുതിയോടെയാണ് മന്ത്രി അറിയിച്ചത്. ഒപ്പം കാട്ടാനശല്യം കുറവുള്ള പുതിയ സ്ഥലം നൽകുമെന്നും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥർ എത്തി വിമലയെ പാറപ്പുറത്തുനിന്ന് താഴെയിറക്കി താമസിപ്പിച്ചു.
252ാം നമ്പർ ഭൂമിക്ക് പകരം അനുവദിച്ച 246ാം നമ്പർ ഭൂമിയുടെ രേഖകൾ കൈമാറിയെന്ന് റവന്യൂ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. മഴ ശക്തമായതോടെ പടുത കുടിൽ ചോർന്നൊലിച്ച് ഭക്ഷണം പാകംചെയ്യാനും ഉറങ്ങാനും കഴിയാത്ത നിലയായി. 2003ൽ സർക്കാർ ആദിവാസികൾക്കായി അനുവദിച്ച 301 കോളനിയിൽനിന്ന് കാട്ടാനശല്യം ഭയന്ന് ഭൂരിഭാഗം പേരും ഒഴിഞ്ഞുപോയി. തനിക്ക് ലഭിച്ച പട്ടയഭൂമിയിൽ ഓട്ടിസം ബാധിച്ച മകനുമായി പെരുമഴയത്ത് ജീവിതം തള്ളിനീക്കുകയാണ് വിമല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.