ഇടുക്കിയിലെ പൊതു ജലസ്രോതസ്സുകൾ മലിനമയം
text_fieldsതൊടുപുഴ: ജില്ലയിലെ പൊതു ജലസ്രോതസ്സുകളിലെ മലിനീകരണത്തോത് വർധിക്കുന്നതായി കണ്ടെത്തൽ. തദ്ദേശ ഭരണ വകുപ്പിന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിൽ നടത്തിയ ജല ഗുണനിലവാര പരിശോധനയിലാണ് ജലസ്രോതസ്സുകളിലെ മലിനീകരണത്തിന്‍റെ തോത് വർധിക്കുന്നതായി കണ്ടെത്തിയത്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി പുഴകളിലും തോടുകളിലുമടക്കം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായതായും കണ്ടെത്തിയിട്ടുണ്ട്. പുഴകൾ, തോടുകൾ, കുളങ്ങൾ എന്നിവയിലാണ് പരിശോധന നടത്തിയത്. 1592 ജല സ്രോതസ്സുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചതിൽ 70 ശതമാനം ജലസ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിൽ ഒരു വാർഡിലെ നാല് ജല സ്രേതസ്സുകളിൽനിന്ന് വീതമാണ് സാമ്പിളുകൾ ശേഖരിച്ചത്. വിവരശേഖരണം പൂർത്തിയാകുന്നതോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരിശോധന നടക്കുന്നത് 3444 ജലസ്രോതസ്സുകളിൽ
ജില്ലയിൽ 3444 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലാകെ 45 ശതമാനം സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. കണ്ടെത്തിയ സ്ഥലങ്ങളിൽ ഡ്രെയിനേജിൽനിന്നടക്കം മാലിന്യം ജല സ്രോതസ്സുകളിലേക്ക് തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കലക്ടറുടെ മേൽനോട്ടത്തിൽ തദ്ദേശവകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ആരോഗ്യവകുപ്പ്, ജലവിഭവ വകുപ്പ്, കില, കുടുംബശ്രീ മിഷൻ, ക്ലീൻ കേരള കമ്പനി, തൊഴിലുറപ്പ് പദ്ധതി, വിനോദസഞ്ചാര വകുപ്പ് എന്നിവരുടെ സഹകരണത്തിലാണ് നടപടി പുരോഗമിക്കുന്നത്. ഇനി ജനകീയ പങ്കാളിത്തത്തോടെ ഇവ മാലിന്യമുക്തമാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓരോ ജല സ്രോതസ്സുകളിലെയും മലിനീകരിക്കപ്പെട്ട ഇടങ്ങൾ, മലിനീകരണത്തിന് കാരണമായ ഉറവിടങ്ങൾ എന്നിവ കണ്ടെത്തി അവ ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി ലിസ്റ്റ് ചെയ്യും. ജല ഗുണനിലവാര പരിശോധനയിലൂടെ ജല സ്രോതസ്സുകളുടെ ശുചിത്വ അവസ്ഥ നിർണയം നടത്തി കർമപദ്ധതികൾ രൂപവത്കരിക്കും.
ലക്ഷ്യം സമ്പൂർണ ജലസുരക്ഷ
ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിലടക്കം ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന പദ്ധതികൾ നടപ്പിലാക്കി സമ്പൂർണ ജല സുരക്ഷ ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ജലസ്രോതസ്സുകളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളും ആവിഷ്കരിക്കും. മലിനീകരണ ഉറവിടങ്ങൾ കണ്ടെത്തി അവ ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി ലിസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ജി.ഐ.എസ് മാപ്പിങ്, ജല ഗുണനിലവാര പരിശോധന എന്നിവയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, എൻജിനീയർമാർ എന്നിവർക്കായുള്ള ജില്ലതല പരിശീലനവും തുടർന്ന് കുടുംബശ്രീ എ.ഡി.എസ് / തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ തുടങ്ങിയവർക്കുള്ള പരിശീലനങ്ങളും സംഘടിപ്പിച്ചു.
ജനങ്ങളെ തന്നെ തങ്ങളുടെ നാട്ടിലെ ജല സ്രോതസ്സുകളുടെ സ്ഥിതി ബോധ്യപ്പെടുത്തുകയാണ് മാപ്പിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ജലസമിതി ചേരുകയും കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.