അപകടം കുറക്കാൻ പൊതുമരാമത്തും
text_fieldsതൊടുപുഴ: ജില്ലയിൽ കൂടുതൽ അപകടസാധ്യതയുള്ള റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പ് അധികൃതർ സമർപ്പിച്ച ശിപാർശകളുടെ അടിസ്ഥാനത്തിൽ കലക്ടർ ബുധനാഴ്ച വിളിച്ച വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നത്. മോട്ടോർ വാഹന വകുപ്പിന് പുറമെ വിവിധ റോഡ് വിഭാഗങ്ങൾ, കരാറുകാർ, പൊതുമരാമത്ത് പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഗ്യാപ് റോഡ് -ബൈസൺവാലി, പൂപ്പാറ-ബോഡിമെട്ട് റോഡുകളിലാണ് ഏറ്റവും കൂടുതൽ അപകടമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഈ റോഡുകളിൽ ട്രാഫിക് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല. മഞ്ഞുമൂടിയ അവസരങ്ങളിൽ ഡ്രൈവർമാർക്ക് റോഡിന്റെ വശങ്ങൾ കാണാൻ കഴിയാതെ പോകുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ ശിപാർശ മോട്ടോർ വാഹന വകുപ്പ് അധികൃതർ കലക്ടർക്ക് സമർപ്പിക്കുകയും ഇക്കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിക്കുകയും ചെയ്തു.
മിന്നിത്തെളിയുന്ന ലൈറ്റുകൾ സ്ഥാപിച്ച് റോഡുകളുടെ വശങ്ങളെക്കുറിച്ചും വളവുകളെക്കുറിച്ചും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകും. ഇത് കൂടാതെ റോഡുകളെക്കുറിച്ച് ഡ്രൈവർമാരെ ജാഗരൂകരാക്കാൻ നിശ്ചിത സ്ഥലങ്ങളിൽ സംവിധാനം ഒരുക്കും. പ്രത്യേക സ്ഥലങ്ങളിൽ റിഫ്ലക്ടിങ് സംവിധാനം ഏർപ്പെടുത്തി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു. ഇക്കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.