എന്നെങ്കിലും തുറക്കുമോ?
text_fieldsമൂലമറ്റം: നിർമാണം പൂർത്തിയാക്കി 24 വർഷം പിന്നിട്ട പുള്ളിക്കാനം മൃഗാശുപത്രി എന്നെങ്കിലും തുറക്കുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അറക്കുളം പഞ്ചായത്ത് 24 വർഷം മുമ്പ് നിർമിച്ചതാണ് മൃഗാശുപത്രി. പഞ്ചായത്തിൽ ഏറ്റവുമധികം നാൽക്കാലികളെ വളർത്തുന്ന പ്രദേശമെന്ന നിലയിലാണ് ഇവിടെ മൃഗാശുപത്രി നിർമിച്ചതെന്നാണ് അന്ന് അറക്കുളം പഞ്ചായത്ത് ഭരണസമിതി പറഞ്ഞത്. എന്നാൽ, കെട്ടിടം നിർമിച്ചതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നില്ല. ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കാത്തതെന്ത് എന്നന്വേഷിച്ചാൽ പഞ്ചായത്തിനും മൃഗസംരക്ഷണ വകുപ്പിനും മറുപടിയില്ല.
ഒരു പഞ്ചായത്തിൽ ഒരു മൃഗാശുപത്രി എന്നതാണ് നിലവിലെ സർക്കാർ നയം. എന്നാൽ, വലുപ്പമുള്ള ചില പഞ്ചായത്തുകളിൽ രണ്ട് മൃഗാശുപത്രികളുണ്ട്. പുതിയ ആശുപത്രി തുടങ്ങാൻ തസ്തികകൾ സൃഷ്ടിക്കണം. അതിന് സർക്കാർ തലത്തിൽ തീരുമാനം വേണം.
എന്നാൽ, ഒരു ലൈവ് സ്റ്റോക് ഇൻസ്പെക്ടറുടെ സേവനം ലഭ്യമാക്കി ഉപകേന്ദ്രം ആരംഭിച്ചാൽ ക്ഷീര കർഷകർക്ക് പ്രഥമ ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കും. ഉപകേന്ദ്രങ്ങൾ വഴി ചെറുരോഗങ്ങൾക്ക് ചികിത്സ, പ്രതിരോധ കുത്തിവെപ്പ്, ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ, മൃഗപ്രസവ ശുശ്രൂഷ, കാലിത്തീറ്റ വിതരണം ഉൾപ്പെടെ സാധ്യമാകും. അതിനാൽ ഇവിടെ ഉപകേന്ദ്രം എങ്കിലും ആരംഭിക്കണമെന്ന കർഷക ആവശ്യത്തിനും പരിഗണനയില്ല.
24 വർഷം മുമ്പാണ് പഞ്ചായത്ത് രണ്ട് മൃഗാശുപത്രികൾ കുളമാവിലും പുള്ളിക്കാനത്തും പണിതത്. അതിൽ ഒന്നാണ് കാടുകയറി നശിക്കുന്നത്. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഇവിടെ സബ് സെന്റർ തുടങ്ങാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ നിലവിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.