കാലവർഷം നടുക്കുന്ന ഓർമയാണ് ആന്റണിക്ക്
text_fieldsചെറുതോണി: ഓരോ കാലവർഷവും നടുക്കുന്ന ഓർമയാണ് കരിമ്പൻ അട്ടിക്കളം ആക്കാട്ട് ആന്റണിക്ക്. തുടർച്ചയായ ഉരുൾപൊട്ടൽ മൂലം ഒരു കുടുംബം ഭൂരഹിതമായിത്തീർന്ന കഥയാണ് ആന്റണിക്കു പറയാനുള്ളത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടക്കല്ലിലായിരുന്നു ആന്റണി താമസിച്ചിരുന്നത്. ഇവിടുണ്ടായിരുന്ന നാലേക്കർ ഭൂമിയും വീടും തുടർച്ചയായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച് നശിച്ചുപോകുകയായിരുന്നു.
ഉരുൾപൊട്ടൽ മൂലം കൃഷിയിടത്തിന്റെ വിസ്തൃതി ചുരുങ്ങിയത് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ആന്റണിയുടെ ജീവിതം ദുരിതപൂർണമാക്കി. കൃഷിയിടം നശിച്ചതിനാൽ പകരം ഭൂമി നൽകണമെന്നാവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. എങ്കിലും ആന്റണി നിരാശനായില്ല. കരിമ്പൻ അട്ടിക്കളത്തെത്തി 10 സെന്റ് സ്ഥലംവാങ്ങി താമസമാരംഭിച്ചു.
പ്രകൃതിദുരന്തം മൂലം സമ്പാദ്യം നഷ്ടമായ ആന്റണി പിന്നീട് ആടുവളർത്തലിലേക്കാണ് തിരിഞ്ഞത്. ഇപ്പോൾ 73 വയസ്സുള്ള ആന്റണിയുടെ ജീവിതം മറ്റുള്ളവർക്കൊരുപാഠമാണ്. വർഷക്കൾക്ക് മുമ്പ് വനമായിരുന്ന കഞ്ഞിക്കുഴിയിലെത്തിയതാണ് ആന്റണിയെന്ന തങ്കൻ. വന്യമൃഗങ്ങളെയും മലമ്പനിയെയും അവഗണിച്ച് വനഭൂമി വെട്ടിത്തെളിച്ച് മണ്ണിനെ വിണ്ണാക്കി മാറ്റി അക്കാലത്ത് കുടിയേറ്റക്കാർക്കിടയിൽ എങ്ക്റോച്ച് തങ്കൻ എന്ന പേരും വീണു.
കൃഷിയിറക്കി 1200 പറനെല്ലും 400 തുലാം കുരുമുളകും കൃഷിയിൽനിന്ന് ലഭിച്ചിരുന്നു. തുടർച്ചയായുണ്ടായ ഉരുൾപൊട്ടലുകൾ എല്ലാം തകർക്കുകയായിരുന്നു. 2006ൽ സ്ഥലമുപേക്ഷിച്ച് വെറും കൈയോടെ അട്ടിക്കളത്തെത്തിയ അദ്ദേഹം ഉരുൾപൊട്ടലിലൂടെ നഷ്ടമായതെല്ലാം ആടുകൃഷിയിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.