മഴ, മണ്ണിടിച്ചിൽ, മരണം
text_fieldsതൊടുപുഴ: മണ്ണിടിച്ചിലും മരണവുമായി ജില്ലയിൽ ദുരന്തഭീതി പരത്തി കാലവർഷം കനക്കുന്നു. മൂന്നാറിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. എം.ജി നഗറിലെ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. പീരുമേട് താലൂക്കിലും മാങ്കുളം പഞ്ചായത്തിലും കനത്ത മഴ തുടരുന്നു. വിരിപാറയിൽ മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി.
തിങ്കളാഴ്ച രാത്രി മുതൽ പെയ്തു തുടങ്ങിയ മഴ തിങ്കളാഴ്ച രാവിലെ മുതൽ അതിശക്തമായി. മലയോരങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. മലങ്കര ഡാമിന്റെ മൂന്ന് ഷട്ടർ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകിയിരിക്കുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
അടുത്ത 24 മണിക്കൂറിൽ മഴ കൂടുതൽ ശക്തിയാർജിച്ചേക്കുമെന്നാണ് സൂചന. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്ക്സ് ഡാമിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.
മരക്കൊമ്പ് റോഡിലേക്ക് വീണു; അപകടാവസ്ഥയിൽ ഇനിയും മരങ്ങൾ
മുട്ടം: കോടതി കവലക്ക് സമീപം മരക്കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തൊട്ടുമുമ്പ് ഓട്ടോ അതുവഴി കടന്നുപോയെങ്കിലും അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. എൻജിനീയറിങ് കോളജ്, ഐ.എച്ച്.ആർ.ഡി, പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികളും ജില്ല കോടതി, ജില്ല ഹോമിയോ ആശുപത്രി തുടങ്ങിയ സ്ഥലത്തേക്കായി ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന പ്രധാന റോഡിലേക്കാണ് മരം വീണത്.
ഇതിന് സമീപത്തായി നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്. ഏതുനിമിഷവും വീഴാറായ അപകടാവസ്ഥയിലാണ്. ഓട്ടോ സ്റ്റാൻഡിന് സമീപവും മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ശക്തമായ മഴക്ക് മുമ്പ് ഇവ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മുള മറിഞ്ഞുവീണ് രണ്ടര മണിക്കൂർ ഗതാഗതം തടസ്സം
നെടുങ്കണ്ടം: തൂക്കുപാലം-രാമക്കല്‍മേട് റൂട്ടില്‍ ചോറ്റുപാറയില്‍ മുളങ്കൂട്ടം മറിഞ്ഞുവീണ് രണ്ടര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുളകള്‍ കൂട്ടമായി വീണ് വൈദ്യുതി കമ്പികളും പൊട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. വാഹനങ്ങള്‍ക്ക് കടന്നു പോകാനാവാതെ റോഡിൽ കുടുങ്ങി. നെടുങ്കണ്ടത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി മുളകൾ മുറിച്ചു മാറ്റുകയായിരുന്നു. രണ്ട് മണിക്കൂര്‍കൊണ്ടാണ് മുളകള്‍ നീക്കിയത്.
കഴിഞ്ഞദിവസം ചേമ്പളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതുവഴി വന്ന കാര്‍ മരക്കൊമ്പ് വീഴുന്നതുകണ്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹകരണത്തോടെ മുറിച്ചു മാറ്റുകയായിരുന്നു.
ദേശീയപാതയിൽ മരക്കൊമ്പ് വീണ് ഗതാഗത തടസ്സം
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ മരക്കൊമ്പ് വീണ് വീണ്ടും ഗതാഗത തടസം. തിങ്കളാഴ്ച മരം വീണ് ഗതാഗതം തടസ്സപ്പെട്ട ചീയപ്പാറയിലാണ് വീണ്ടും മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് മരക്കൊമ്പ് വീണത്. അടിമാലിയിൽനിന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും എത്തിയാണ് വെട്ടിമാറ്റിയത്.
ദേശീയപാതയിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും മരം വീണത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഈ പാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ തിങ്കളാഴ്ച കാറിന് മുകളിൽ മരം വീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നേര്യമംഗലം മുതൽ വാളറ വരെയുള്ള കാനന പാതയിൽ 200ന് മുകളിൽ വൻമരങ്ങളാണ് അവകടാവസ്ഥയിൽ നിൽക്കുന്നത്.
ഇവ മുറിച്ച് മാറ്റാൻ വനംവകുപ്പിന് സർക്കാർ പലകുറി നിർദേശം നൽകിയിരുന്നു. ടെൻഡർ നടപടിവരെ ആയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി വിചരണ നടപടിക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.