മഴ, മണ്ണിടിച്ചിൽ, ദുരിതം
text_fieldsമൂന്നാറിൽ ഗതാഗത നിയന്ത്രണം
മൂന്നാർ: പഴയ മൂന്നാര്‍ - ദേവികുളം റോഡില്‍ തുടര്‍ച്ചയായ മണ്ണിടിച്ചില്‍ മൂലം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിമാലി ഭാഗത്തുനിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലി-ഇരുട്ടുകാനം-ആനച്ചാല്‍-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴി പോകണം.
ബോഡിമെട്ടില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പൂപ്പാറ രാജാക്കാട് - കുഞ്ചിത്തണ്ണി ആനച്ചാല്‍ വഴിയും വഴിതിരിച്ചുവിടാനാണ് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് മൂന്നാര്‍ ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയത്.
തേക്കടിയിൽ ഇക്കോ ടൂറിസം പരിപാടികൾ നിർത്തിവെച്ചു
കുമളി: മഴയും കാറ്റും ശക്തമായതോടെ പെരിയാർ കടുവ സങ്കേതത്തിലെ മുഴുവൻ ടൂറിസം പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇടുക്കി കലക്ടർ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ 'മാധ്യമ' ത്തോട് പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് പരിപാടികൾ പുനരാരംഭിക്കും.
പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ തേക്കടി തടാകത്തിലൂടെയുള്ള ബോട്ട് സവാരി ഉൾപ്പെടെയാണ് നിർത്തിയത്. ബുധനാഴ്ച ഉച്ചക്ക് 1.45ന്റെ ബോട്ട് സവാരി നടന്ന ശേഷമാണ് അറിയിപ്പ് എത്തിയത്. തുടർന്ന്, 3.30ന്റെ ബോട്ട് സവാരി റദ്ദാക്കി.കാറ്റും മഴയും മൂലം മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് അപകടത്തിന് സാധ്യതയേറിയതോടെയാണ് വനത്തിനുള്ളിലെ ട്രക്കിങ്, ബാംബൂ റാഫ്റ്റിങ് ഉൾപ്പെടെ നിർത്തിവെച്ചത്.
സംസ്ഥാനപാതകളിൽ മരം വീണു; ഗതാഗതം മുടങ്ങി
കട്ടപ്പന: കനത്ത മഴയും ശക്തമായ കാറ്റും വീശിയടിച്ചതോടെ ഹൈറേഞ്ചിലെ റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാർ തലനാരിഴക്കാണ് അപകടങ്ങളിൽനിന്ന് രക്ഷപ്പെട്ടത്. കട്ടപ്പന - പുളിയന്മല, പുളിയന്മല - കുമളി, വണ്ടന്മേട് - മാലി റോഡുകളിൽ മരം വീണു.
പുറ്റടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഡ്രൈവറും വാഹനത്തിൽ ഉണ്ടായിരുന്ന സ്കൂൾ കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.പുറ്റടി ദേവിവിലാസത്തിൽ സതീഷിന്റെ ഓട്ടോക്ക് മുകളിലാണ് പോസ്റ്റ് പതിച്ചത്. ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിലേക്ക് വീഴുകയും തുടർന്ന് നാല് പോസ്റ്റ് മറിയുകയുമായിരുന്നു. ഇതിൽ ഒരെണ്ണമാണ് ഓട്ടോയുടെ മുകളിൽ പതിച്ചത്. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
ഉച്ചയോടെ ചേമ്പുകണ്ടത്ത് പുറ്റടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ ഇടിച്ചു. കാറിന്റെ മുൻവശം പൂർണമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല. കനത്ത മഴയെത്തുടർന്ന് കാർ റോഡിൽനിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് നിഗമനം
കട്ടപ്പന-പുളിയന്മല പാതയിൽ പൊലീസ് വളവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 10 ഓടെ ഇലക്ട്രിക് പോസ്റ്റുമായി വന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കട്ടപ്പന പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതേ പാതയിൽ മരം കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടു.
ഉച്ചക്ക് ഒരുമണിയോടെ വണ്ടന്മേട് -മാലി റോഡിൽ മൂന്നിടത്ത് മരം വീണു. തുടർന്ന്, ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഇതേ പാതയിൽ മറ്റ് രണ്ടിടത്തുകൂടി മരച്ചില്ല ഒടിഞ്ഞു വീണ് ഗതാഗതം മുടങ്ങി. മാലിയിൽ അഞ്ചോളം പോസ്റ്റ് തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
നെടുങ്കണ്ടം മേഖലയിൽ കനത്ത നാശം
നെടുങ്കണ്ടം: കനത്ത മഴയിലും കാറ്റിലും മരം വീണും മണ്ണിടിഞ്ഞും കൽക്കെട്ടിടിഞ്ഞും നെടുങ്കണ്ടം മേഖലയിൽ കനത്ത നാശം. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് ചേമ്പളം കിഴക്കനേത്ത് ആന്റണിയുടെ വീടിന് മുകളിലേക്ക് മരം വീണത്. അടുക്കള പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ഭിത്തി വിണ്ടുകീറി. വീട്ടുകാര്‍ ശബ്ദം കേട്ട് ഓടിമാറിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. സംരക്ഷണഭിത്തി തകർന്ന് തേർഡ് ക്യാമ്പ് ഹുജ്ജത്തുൽ ഇസ്ലാം ജമാഅത്ത് പള്ളി കെട്ടിടം അപകടാവസ്ഥയിലായി.ബുധനാഴ്ച പുലർച്ച 15 അടിയോളം താഴേക്കാണ് കൽക്കെട്ട് പതിച്ചത്. മുമ്പ് റോഡരികിനോട് ചേർന്ന് നിർമാണ പ്രവർത്തനത്തിന് മണ്ണെടുത്ത് നീക്കിയ ഭാഗത്തോട് ചേർന്നാണ് സംരക്ഷണഭിത്തി തകർന്നത്. പ്രാർഥനക്ക് താൽക്കാലിക സംവിധാനം ഒരുക്കുമെന്ന് പള്ളി കമ്മിറ്റി അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.