മഴ; ഇടുക്കി ജില്ലയിൽ ജാഗ്രതനിർദേശം
text_fieldsതൊടുപുഴ: ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതനിർദേശം. ദുരന്ത പ്രതിരോധത്തിനും ലഘൂകരണത്തിനും ഉപകാരപ്രദമാകുന്ന ജില്ലയിലെ എല്ലാ വിഭവങ്ങളുടെയും സാമഗ്രികളുടെയും വാഹനങ്ങളുടേയും കണക്ക് ശേഖരിച്ച് ജില്ലതല ഉദ്യോഗസ്ഥര്‍ ജില്ല ദുരന്ത നിവാരണ സമിതിക്ക് ലഭ്യമാക്കണമെന്ന് കലക്ടര്‍ എച്ച്. ദിനേശന് നിർദേശിച്ചു. ജില്ല ദുരന്ത പ്രതികരണ സമിതിയുടെ മഴക്കാലപൂര്‍വ ഓണ്‍ലൈൻ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംപോലുള്ള അത്യാഹിതങ്ങളുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടികയും തഹസില്‍ദാര്‍മാര്‍ ശേഖരിച്ച് സൂക്ഷിക്കണം. ഉദ്യോഗസ്ഥരുടെ അധീനതയിലുള്ള വസ്തുക്കളുടെ സംരക്ഷണക്കുറവുകൊണ്ട് അപകടമോ ജീവഹാനിയോ ഉണ്ടായാല്‍ നിയന്ത്രണാധികാരികള്‍ ഉത്തരവാദിയായിരിക്കും.
സ്വകാര്യ സ്ഥലങ്ങളിലെ വൃക്ഷങ്ങളില്നിന്നോ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഉയരത്തിലുള്ള നിര്മാണങ്ങള്മൂലമോ ഉണ്ടാകുന്ന അപകടങ്ങള്‍ക്കും അപായങ്ങള്ക്കുമെതിരെ ഉടമസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്കി. പടുതാക്കുളത്തിന് ഉടമസ്ഥര്‍ സുരക്ഷാവേലി കെട്ടിയിട്ടുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പുവരുത്തണം. മൈനര്‍ ഇറിഗേഷന്‍ വകുപ്പിെൻറ അനുമതിയില്ലാതെ അപകടകരമായ നിലയില്‍ പടുതാക്കുളങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
റോഡരികിലേക്ക് അപകടകരമായ നിലയില്‍ ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ പൊതുമരാമത്ത്, വനം, ദേശീയപാത, സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശഭരണ സ്ഥാപനം എന്നിവയുടെ മേല്‍നോട്ടത്തില്‍ വെട്ടിനീക്കണം. സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ നില്ക്കുന്നവ ഉടമസ്ഥര്‍ മുറിച്ചുമാറ്റണം. മാറ്റാത്തവയുണ്ടെങ്കില് ട്രീ കമ്മിറ്റി യോഗം ചേര്‍ന്ന് സ്വകാര്യഭൂമിയിലെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിനീക്കാൻ ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്കാന് പഞ്ചായത്തുകള്‍ക്ക് നിർദേശം നല്‍കണം. എന്നിട്ടും മുറിച്ചുമാറ്റാതെ അപകടം സംഭവിക്കുകയാണെങ്കില്‍ ഭൂവുടമ അതിന് ഉത്തരവാദിയായിരിക്കും. ഇതുസംബന്ധിച്ച് പഞ്ചായത്തിനും ആര്.ഡി.ഒമാര്‍ക്കും ലഭിച്ച പരാതികള്‍ക്ക് എത്രയുംവേഗം നടപടികള്‍ ഉണ്ടാകണം. സര്‍ക്കാര്‍ ഓഫിസുകളുടെ പരിസരത്ത് അപകടകരമായ നിലയിലുള്ള മരങ്ങള്‍ ഓഫിസ് മേധാവി നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണം.
പ്രത്യേക കെട്ടിടങ്ങള്‍ കണ്ടെത്തണം
കോവിഡ് പാശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ പരിഗണിക്കുന്നതിനായി കോവിഡ്-കോവിഡേതര രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പ്രത്യേക കെട്ടിടങ്ങള്‍ തഹസില്‍ദാര്‍മാര്‍ കണ്ടുവെക്കണം. വെള്ളം കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ദിശബോര്ഡുകളുടെയും മുന്നറിയിപ്പ് ബോര്‍ഡുകളുടെയും കാഴ്ച മറയ്ക്കുന്ന കുറ്റിക്കാടുകള്‍ വെട്ടിനീക്കണം. 31നകം സുരക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദുരന്തനിവാരണ സമിതിയെ അറിയിക്കണം.
അഗ്നിസുരക്ഷ സേനക്ക് ലക്ഷ്യമാക്കിയിട്ടുള്ള അസ്കലൈറ്റ്, ചെയിന്‍ സോ എന്നിവ പ്രവര്‍ത്തനസജ്ജമാണെന്ന് ജില്ല ഫയര്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് ആശുപത്രികളില്‍ ഓക്സിജന്‍ സാന്നിധ്യം കൂടുതലുള്ള ഇടങ്ങളില്‍ അഗ്നിബാധക്കുള്ള സാധ്യത മുന്നില്‍കണ്ട് സുരക്ഷ ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളിലെ സന്നദ്ധസേന അംഗങ്ങളെ ദുരന്തപ്രതികരണത്തിന് സജ്ജമാക്കണം.
ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തില്‍ സജ്ജമാക്കേണ്ട കാര്യങ്ങള്‍ എത്രയുംവേഗം സജ്ജമാക്കാന്‍ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, ജില്ല പൊലീസ് മേധാവി ആര്. കറുപ്പസാമി, എ.ഡി.എം അനില്‍കുമാര്‍, സബ് കലക്ടര്‍ പ്രേം കൃഷ്ണ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, ആർ.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്കുമാര്‍, വകുപ്പ്തല മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.
ദുരന്തനിവാരണ സേന ജില്ലയിലെത്തി
ചുഴലിക്കാറ്റ് മുന്നറിയിപ്പിെൻറ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണസേന (എൻ.ഡി.ആര്.എഫ്) ജില്ലയിലെത്തി. പൈനാവിലെ വനംവകുപ്പ് ഡോര്‍മിറ്ററിയിലാണ് 21 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. സബ് ഇന്‍സ്പെക്ടര്‍ ധീരേന്ദ്ര സിങ് ആണ് സംഘത്തെ നയിക്കുന്നത്.
കൺേട്രാൾ റൂം തുറന്നു
തൊടുപുഴ: ജില്ലയിൽ പലയിടങ്ങളിലും രണ്ടു ദിവസമായി തോരാ മഴ. വ്യാഴാഴ്ച ആരംഭിച്ച മഴ ജില്ലയിലെ മിക്കയിടങ്ങളിലും തുടരുകയാണ്. മേയ് 17 ന് വരെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ദുരന്തങ്ങളും നേരിടുന്നതിന് അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ദേവികുളത്തും തൊടുപുഴയിലുമാണ് വെള്ളിയാഴ്ച രാവിലെ വരെ കൂടുതൽ മഴ രേഖപ്പെടുത്തിയത്. ദേവികുളത്ത് 59 മി.മി, തൊടുപുഴ 41 മി.മി ഇടുക്കി 28 മി.മി പീരുമേട് 27 മി.മി ഉടുമ്പൻചോല- 7.2 മി.മി എന്നിങ്ങനെയാണ് താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2333.12 ഉം, മുല്ലപ്പെരിയാർ 128. 35 മാണ്. തൊടുപുഴ മേഖലയിൽ രണ്ടു ദിവസമായി ശക്തമായ മഴയുണ്ട്. ഹൈേറഞ്ചേിൽ പലയിടങ്ങളിലും റോഡിലേക്ക് മരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.