ഇടുക്കിയിൽ മഴക്കാല മുന്നൊരുക്കം: അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കും, ആശുപത്രികളിൽ സൗകര്യം ഉറപ്പാക്കും
text_fieldsഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രകൃതി ദുരന്തങ്ങള്‍ നേരിടാൻ ജില്ലയില്‍ സുരക്ഷ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തിയാക്കും.തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കും. ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കും.
കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ദുരന്ത പ്രതിരോധ -മുന്നൊരുക്കം ചര്‍ച്ച ചെയ്യാൻ ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റോഡരികില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളിടത്ത് പൊതുമരാമത്ത് വകുപ്പ് സുരക്ഷ നടപടികള്‍ സ്വീകരിക്കും. അപകടസാധ്യത പ്രദേശങ്ങളില്‍നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരുടെ പട്ടികയും അവര്‍ക്കാവശ്യമായ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളും താലൂക്ക്, വില്ലേജ്, പഞ്ചായത്ത് വകുപ്പുകള്‍ തയാറാക്കും. സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കി.
പൊതുമരാമത്ത്, വനം, പഞ്ചായത്ത്, വൈദ്യുതി, പൊലീസ് -ഫയര്‍ ആൻഡ് റസ്ക്യു, വില്ലേജ് ഓഫിസുകള്‍ സ്വീകരിക്കേണ്ട നടപടികൾ എന്നിവ കലക്ടര്‍ വകുപ്പ് മേധാവികളെ അറിയിച്ചു.യോഗത്തില്‍ സബ് കലക്ടര്‍മാരായ ഡോ. അരുണ്‍ എസ്. നായര്‍, രാഹുല്‍ കൃഷ്ണശര്‍മ, എ.ഡി.എം ഷൈജു പി. ജേക്കബ്, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
• ഓഫിസ് പരിസരത്ത് അപകടകരമായി നില്ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ ഓഫിസ് മേധാവികള്‍ നീക്കണം. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ നില്ക്കുന്നവ മൂലം നാശം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂ ഉടമ വഹിക്കണം.
• റോഡിന്റെ വശങ്ങളില് കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റണം.
• പ്രധാന റോഡുകളുടെ സെന്‍ട്രല്‍ ലൈന്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ വരക്കണം. റോഡുകളുടെ വശങ്ങളിലെ ഓടകളുടെ സ്ലാബുകള്‍ സുരക്ഷിതമെന്ന് ഉറപ്പാക്കണം.
• മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാന്‍ മരുന്ന് ശേഖരിച്ച് സൂക്ഷിക്കണം. താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ സജ്ജമാക്കണം.
• എല്ലാ സ്കൂള്‍, അംഗൻവാടി കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. പരിസരങ്ങള്‍ പൂർണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം. സ്വകാര്യ സ്കൂളുകളിൽ ഉള്‍പ്പെടെ അപകടകരമായ മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ച് നീക്കണം.
• പാറമടകളിലെ കുളങ്ങൾ ചുറ്റും ഉറപ്പുള്ള വേലി മതില് കെട്ടി സംരക്ഷിക്കണം. പടുതാ കുളങ്ങള്‍ പരിശോധിച്ച് അപകടാവസ്ഥയില്ല എന്ന് ഉറപ്പാക്കണം.
• പുഴകളില്‍ അടിഞ്ഞു കൂടിയ എക്കല്‍ തദ്ദേശ സ്ഥാപനങ്ങള്‍ നീക്കണം. നദി തീരങ്ങള്‍, കുളിക്കടവുകള്‍, മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.
• എല്ലാ വകുപ്പുകളുടെയും വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് വകുപ്പു മേധാവികള്‍ ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.