ബൈസൺവാലിയിൽ പുഴ ശുചീകരണത്തിെൻറ മറവിൽ മണൽക്കൊള്ള
text_fieldsരാജാക്കാട്: ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ പന്നിയാർപുഴയിൽ പുഴ ശുചീകരണത്തിെൻറ മറവിൽ കോടികളുടെ മണൽകൊള്ള.
ദേവികുളം ഗ്യാപ് റോഡിൽ മലയിടിഞ്ഞ് ഒഴുകിയെത്തിയ മണലാണ് നിയമവിരുദ്ധമായി പഞ്ചായത്തിെൻറയും റവന്യൂ അധികൃതരുടെയും അറിവോടെ മണൽ മാഫിയ ദിവസങ്ങളായി കടത്തുന്നത്. മണ്ണിടിച്ചിലിൽ പുഴയിൽ അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കാനുള്ള അനുമതിയുടെ മറവിലാണ് മണൽകടത്ത്.
പന്നിയാർ പുഴയുടെ ഭാഗമായ ഉപ്പാറിൽ ഗ്യാപ് റോഡിലെ മണ്ണിടിച്ചിലിൽ 10 മീറ്റർ ഉയരത്തിലും 20 മീറ്റർ വീതിയിലും 1.8 കിലോമീറ്റർ ദൂരത്തിലും മണൽ നിക്ഷേപമുണ്ടായി. അടിഞ്ഞ മണൽ പമ്പാനദിയിൽനിന്ന് ലേലംചെയ്ത് വിൽക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് സർക്കാർ ബൈസൺവാലിയിൽ മണൽ മാഫിയകളുടെ കൊള്ളക്ക് അവസരമൊരുക്കുന്നത്.
പുഴയിൽ അടിഞ്ഞുകൂടിയ മണലും ചളിയും ഗ്രാമപഞ്ചായത്തിെൻറ ചുമതലയിൽ പൊതുസ്ഥലം കണ്ടെത്തി സംഭരിച്ച് പരസ്യമായി ലേലംചെയ്തു സർക്കാറിലേക്ക് മുതൽകൂട്ടുന്നതിന് പകരമാണ് അധികൃതരുടെ ഒത്താശയോടെ കടത്തുന്നത്.
പുഴയുടെ പലഭാഗങ്ങളിലായി നിരവധി മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് മണൽ ഖനനം. പുഴ ശുചീകരണത്തിന് അനുമതി ലഭിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്തിനാണ്.
കള്ളൻകുട്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മണൽകടത്ത് സംഘത്തെയാണ് പുഴ ശുചീകരണ ജോലിക്ക് ഗ്രാമപഞ്ചായത്ത് കരാർ ഏൽപിച്ചിട്ടുള്ളത്. പുഴയിൽനിന്ന് ഖനനം ചെയ്യുന്ന മണൽ കരാറുകാരൻ ഇഷ്ടമുള്ളവർക്കാണ് വിൽപന നടത്തുന്നത്. ദിവസവും 40 മുതൽ 60 ടോറസ് ലോറികളിലാണ് മണൽ കടത്ത്.
പഞ്ചായത്ത് പൊതുസ്ഥലത്ത് സംഭരിച്ച് ലേലം ചെയ്താൽ കിട്ടുന്നത് കോടികളുടെ വരുമാനമാണ്. മണൽ കടത്തുവഴി സർക്കാറിന് വൻനഷ്ടമാണുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.