റേഷൻ അരി കരിഞ്ചന്തയിൽ; നടപടി സ്വീകരിക്കാൻ അധികൃതർക്ക് മടി
text_fieldsഇടുക്കി: റേഷൻ കടകളിലൂടെ മാത്രം വിൽപന നടത്തേണ്ട ഫോർട്ടിഫൈഡ് അരി സ്വകാര്യ ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. സിവിൽ സപ്ലൈസ് അധികൃതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 15ലേറെ സ്ഥാപനങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ മാത്രം വിതരണം ചെയ്യാൻ എത്തിച്ച അരി കണ്ടെത്തിയത്. ഇതിന്റെ സാമ്പിൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ല സിവിൽ സപ്ലൈസ് ഓഫിസർ പറഞ്ഞു.
അതിനിടെ ഓണം സ്പെഷൽ അരി ഉൾപ്പെടെ റേഷൻ കടകളിൽനിന്ന് കാർഡ് ഉടമകൾക്ക് ലഭിക്കേണ്ട അരിയും ചില റേഷൻകട ഉടമകൾ മറിച്ചുവിൽക്കുന്നതായി ആരോപണവും ഉയർന്നു. ഒരു കാർഡിൽതന്നെ 10 കിലോഗ്രാം അരി സ്പെഷലുണ്ട്. ഇതടക്കമാണ് മറിച്ചുവിൽക്കുന്നത്. സ്പെഷൽ ഉള്ളത് മറച്ചുവെച്ചും കാർഡ് ഉടമകൾ വാങ്ങാത്ത അരിയും ഗോതമ്പും ഉൾപ്പെടെയും അധികവിലയിൽ മറിച്ചു വിൽപന നടത്തുന്നു എന്നാണ് ഉപഭോക്താക്കളുടെ ആരോപണം. റേഷൻ കടയിൽ സ്പെഷൽ അരി കിലോഗ്രാമിനു 10.90 രൂപയാണ് വില. വിപണിയിൽ സാധാരണ അരി വില കിലോഗ്രാമിനു 60 രൂപ വരെയുണ്ട്. ഈ സാഹചര്യത്തിൽ റേഷൻ കടകളിൽനിന്നു മറിച്ചു വിൽപന നടത്തുമ്പോൾ കടയുടമക്ക് കിട്ടുന്നത് വൻ ലാഭമാണ്.
റേഷൻ കടകളിൽനിന്ന് കൃത്യമായി അരി വാങ്ങാത്ത ഒട്ടേറെ റേഷൻ കാർഡ് ഉടമകളുണ്ട്. കാർഡ് ഉടമകൾ കൃത്യമായി റേഷൻ വാങ്ങണമെന്നും ബിൽ പരിശോധിച്ച് വാങ്ങാത്ത അരിയുടെ വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇത് ചോദ്യം ചെയ്ത് ഈ പ്രവണത തടയാമെന്നും അധികൃതർ പറയുന്നു. പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പർ റേഷൻ കടകളിൽനിന്നു സാധനങ്ങൾ വാങ്ങിയാൽ കിട്ടുന്ന ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടാൽ ഈ ഫോൺ നമ്പറിൽ അറിയിക്കാം.
റേഷൻ കാർഡിൽ ഈ മാസത്തെ റേഷൻ വിതരണം ഇങ്ങനെ
- മഞ്ഞ കാർഡ്: 30 കിലോഗ്രാം അരിയും മൂന്നു കിലോഗ്രാം ഗോതമ്പും സൗജന്യമായും രണ്ട് പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലുമാണ് റേഷൻ കടകളിൽ വിതരണം.
- വയലറ്റ് കാർഡ്: ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിനു അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പ് അളവിൽനിന്നു മൂന്നു കിലോഗ്രാം കുറച്ച് അതിനു പകരം മൂന്നു പാക്കറ്റ് ആട്ട ഒമ്പതു രൂപ നിരക്കിലും ലഭിക്കും.
- നീല കാർഡ്: കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി വീതം കിലോഗ്രാമിന് നാലുരൂപ നിരക്കിൽ ലഭിക്കും. കൂടാതെ കാർഡിനു അധിക വിഹിതമായി 10 കിലോഗ്രാം അരി കിലോഗ്രാമിനു 10.90 രൂപ നിരക്കിൽ ലഭിക്കും.
- വെള്ള കാർഡ്: 10 കിലോഗ്രാം അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും.
- പൊതുവിഭാഗം സ്ഥാപനത്തിനുള്ള കാർഡിന് രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.