കുടിശ്ശിക തീർക്കാൻ 50 ലക്ഷം; ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം
text_fieldsമൂലമറ്റം: കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ള 60 ലക്ഷം രൂപയിൽ 50 ലക്ഷം എത്തിയതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകൾക്ക് താൽക്കാലിക ആശ്വാസം. അഞ്ച് മാസത്തെ കുടിശ്ശികയാണ് ജനകീയ ഹോട്ടലുകൾക്ക് ലഭിക്കാനുള്ളത്. വരും ദിവസങ്ങളിൽ കുടിശ്ശിക തുക കൊടുത്തു തുടങ്ങുമെന്ന് കുടുംബശ്രീ ജില്ല മിഷൻ അധികൃതർ വ്യക്തമാക്കി.
സബ്സിഡി ലഭിക്കാതായതോടെ മൂലമറ്റം ഉൾപ്പെടെ സ്ഥലങ്ങളിൽ ജനകീയ ഹോട്ടലുകൾക്ക് പൂട്ട് വീണിരുന്നു. സബ്സിഡിക്കായി ക്ലെയിം നൽകിയവർക്കുള്ള തുകയാണ് നിലവിൽ നൽകുന്നത്. മുഴുവൻ ജനകീയ ഹോട്ടലുകളും ക്ലെയിം എഴുതി നൽകിയാൽ കുടിശ്ശിക ഇനിയും വർധിക്കും.
20 രൂപ നിരക്കിൽ പൊതുജനത്തിന് ഊണ് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണ് ജനകീയ ഹോട്ടൽ. ജില്ലയിലെ 48 പഞ്ചായത്തുകളിലായി 50 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഹോട്ടലിലും 100 മുതൽ 200 വരെ ഊണ് പ്രതിദിനം വിൽക്കുന്നുണ്ട്.
ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ യൂനിറ്റുകൾ 20 രൂപക്ക് ഒരു ഊണ് നൽകുമ്പോൾ സർക്കാർ 10 രൂപ സബ്സിഡിയായി നൽകും. ഇതിന് പുറമെ 10.60 രൂപ നിരക്കിൽ റേഷൻ അരിയും നൽകുന്നുണ്ട്.എന്നാൽ റേഷൻ അരിക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലാത്തതിനാൽ പല ഹോട്ടലുകളിലും വില കൂടിയ കുത്തരിയാണ് ഉപയോഗിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.