ചിന്നക്കനാൽ വില്ലേജിലെ റിസർവ് വനം വിജ്ഞാപനം; നടപടിയിൽ പ്രതിഷേധം
text_fieldsതൊടുപുഴ: ചിന്നക്കനാൽ വില്ലേജിലെ 7, 8 ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 346.89 ഹെക്ടർ ഭൂമി റിസർവ് വനമാക്കി അന്തിമ വിജ്ഞാപനമിറക്കാനുള്ള വനംവകുപ്പ് നടപടി വിവാദത്തിലേക്ക്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ചിന്നക്കനാൽ റിസർവ് എന്ന പേരിൽ പുതിയ സംരക്ഷിത വനം പ്രഖ്യാപിച്ച് സർക്കാറിന്റെ കരട് വിജ്ഞാപനം ഇറങ്ങിയത്. വന നിയമത്തിലെ നാലാം ചട്ട പ്രകാരമാണ് 364.89 റിസർവ് വനമാക്കിയത്. എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയിരുന്ന ഭൂമിയാണിത്. 2001ൽ പാട്ടക്കാലാവധി അവസാനിച്ചതോടെയാണ് വനം വകുപ്പ് ഈ ഭൂമി ഏറ്റെടുത്തത്. അതേ സമയം, നടപടിക്കെതിരെ വിവിധ രാഷ്ട്രീയ സംഘടനകളും കർഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇടതു സർക്കാർ ഇടുക്കിയെ ഒറ്റുകൊടുത്തു -ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: ചിന്നക്കനാൽ പഞ്ചായത്തിൽ പട്ടയഭൂമിയുൾപ്പെട്ട പ്രദേശമുൾപ്പടെ വനഭൂമിയാക്കുന്നതിനുള്ള തീരുമാനത്തിനുപിന്നിൽ ജില്ലയിലെ ഇടതുപക്ഷ നേതാക്കൾക്ക് നേരിട്ടു പങ്കുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു.
സാധാരണക്കാരായ പാവപ്പെട്ടവർ അധിവസിക്കുന്ന മേഖലകൾ വനമായി പ്രഖ്യാപിക്കുമ്പോൾ, ജില്ലയിലെ സി.പി.എം, ഇടതുപക്ഷ നേതാക്കൾ എന്തെടുക്കുകയായിരുന്നു.
2020ൽ പാട്ടക്കാലാവധി കഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റുമായുള്ള കരാർ അവസാനിപ്പിച്ചപ്പോൾ പ്രസ്തുത ഭൂമി വനഭൂമിയാക്കി കരടു വിജ്ഞാപനമിറക്കിയത് ജില്ലയിലെ ഇടതു നേതാക്കൾ അറിഞ്ഞില്ലേ എന്നും എം.പി ചോദിച്ചു. തുടർന്ന് സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് നടപടികൾ പുരോഗമിച്ചപ്പോഴും, ഉദ്യോഗസ്ഥർക്ക് മംഗളപത്രം കൽപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്ന ജില്ലയിലെ സി.പി.എം നേതൃത്വം ഇപ്പോൾ കുടിയേറ്റ കർഷകരെ കൈയ്യേറ്റക്കാരാക്കി ചിത്രീകരിച്ച് ജനിച്ച മണ്ണിൽ നിന്നും നൂറുകണക്കിന് പേരെ കുടിയിറക്കുകയാണ്.
നേരത്തേ ചെങ്കുളത്തും കുടയത്തൂരും സമാനരീതിയിൽ റിസർവ് ഫോറസ്റ്റായി വിജ്ഞാപനമിറക്കിയതിന് പിന്നാലെ ചിന്നക്കനാലിലെ റിസർവ് വനമാക്കി പ്രഖ്യാപിക്കുന്ന ജനവിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും ഒരാളെ പോലും അന്യായമായി കുടിയിറക്കാൻ അനുവദിക്കില്ലെന്നും എം.പി പറഞ്ഞു.
റിസർവാക്കാൻ അനുവദിക്കില്ല - സി.പി.എം
ചിന്നക്കനാൽ വനം ഓഫീസ് മാർച്ച് നാളെ
ചെറുതോണി: ചിന്നക്കനാൽ മേഖല റിസർവാക്കാൻ അനുവദിക്കില്ലെന്നും ജനവാസ, കാർഷിക തോട്ടം മേഖല സംരക്ഷിക്കപ്പെടണമെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ചിന്നക്കനാൽ റിസർവാക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ തിങ്കളാഴ്ച ചിന്നക്കനാൽ വനം ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
ചിന്നക്കനാൽ റിസർവ് എന്ന പേരിൽ പുതിയ സംരക്ഷിത വനം പ്രഖ്യാപനവും അതിനുള്ള നീക്കവും ജനവിരുദ്ധമാണ്. കൃഷി, തോട്ടം, ജനവാസ മേഖലകളെ സംരക്ഷിക്കുകയെന്നത് എൽ.ഡി.എഫ് പ്രഖ്യാപിത നയമാണ്. അതനുസരിച്ചാണ് വിവിധ ബില്ലുകൾ പാസാക്കിയിട്ടുള്ളതും കോടതികളിൽ കക്ഷി ചേർന്നിട്ടുള്ളതും. ജില്ലയിൽ പുതുതായൊരു സംരക്ഷിത മേഖലയുടെ ആവശ്യമില്ല. ചിന്നക്കനാൽ മേഖല ഏറ്റെടുക്കണമെന്ന് 2019ൽ ഉയർന്ന ആവശ്യം സർക്കാർ തള്ളിയതാണ്.
പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി വിഭാഗങ്ങളും പതിറ്റാണ്ടുകൾക്ക് മുമ്പ് മേഖലയിൽ കുടിയേറിയ നിരവധി കർഷക കുടുംബങ്ങളും ഇവിടെ കഴിയുന്നുണ്ട്.
ഏത് ശക്തിയായാലും ഒരു കർഷകനെ പോലും ദ്രോഹിക്കാൻ അനുവദിക്കില്ലെന്നും ജില്ല സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. തിങ്കൾ രാവിലെ പത്തിന് നടക്കുന്ന വനം വകുപ്പ് ഓഫീസ് മാർച്ച് എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.