2024 ലേക്ക് തിരിഞ്ഞുനോട്ടം; രൗദ്രം കാടിറങ്ങിയ വർഷം
text_fieldsതൊടുപുഴ: സംഭവബഹുലമായിരുന്നു ജില്ലക്ക് 2024. ഭൂവിഷയങ്ങളും വന്യമൃഗ ശല്യവും പതിവ് തെറ്റിച്ചില്ല. ജില്ല കണ്ട വലിയ വരൾച്ചക്ക് സാക്ഷ്യം വഹിച്ചത് ഈ വർഷമാണ്. നാടിനെ നടുക്കിയ കൊലപാതകവും അരങ്ങറി. പ്രതീക്ഷയേകി മൂന്നാറിൽ സീ െപ്ലയിനിന്റെ വരവിനും 2024 സാക്ഷ്യം വഹിച്ചു. ബുധനാഴ്ച പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ഒരു തിരിഞ്ഞ് നോട്ടം.
കാട്ടാന കൊലവിളിയിൽ നടുങ്ങി
കാട്ടാനയാക്രണത്തിൽ ഈ വർഷം ജില്ലയിൽ കൊല്ലപ്പെട്ടത് ഏഴുപേർ. ലോറേഞ്ചായ മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത് അപൂർവ സംഭവമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വന്യജീവിയാക്രമണം രൂക്ഷമായിരുന്നു. തൊടുപുഴക്കടുത്ത് കരിങ്കുന്നത്ത് വരെ പുലിയിറങ്ങി. നിരവധി വളർത്തു മൃഗങ്ങളെ കൊല്ലുകയും പുലിയുടെ മട കണ്ടെത്തുകയും ചെയ്തു. മൂന്നാറിലും പീരുമേട്ടിലും തോട്ടം തൊഴിലാളികളുടെ നൂറിലധികം പശുക്കളെ കടുവയും പുലിയും കൊന്നു.
ഭൂപതിവ് ഭേദഗതി നിയമവും പ്രതിഷേധവും
ജില്ലയുടെ ഭൂമി പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടർന്ന് കൊണ്ടിരിക്കുകയാണ്. നിയമസഭ ഐകകണ്ഠേന പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഏഴു മാസങ്ങൾക്ക് ശേഷം ഗവർണർ ഒപ്പിട്ടത് ഏപ്രിൽ 27നായിരുന്നു. 2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാസങ്ങളോളം തടഞ്ഞുവച്ച ശേഷം ലോക്സഭ തിരഞ്ഞെടുപ്പിന് പിറ്റേന്ന് ഒപ്പിട്ടത്. ഗവർണർ ബില്ലിൽ ഒപ്പിടാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ജനുവരി ഒമ്പതിന് രാജ്ഭവനിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
കുട്ടി ക്ഷീരകർഷകന് വേണ്ടി നാട്
2024 പിറന്നത് ഒരു കുട്ടിക്കർഷകന്റെ കണ്ണീരുമായിട്ടായിരുന്നു. 2023 ഡിസംബർ 31ന് രാത്രിയാണ് മാത്യു ബെന്നി എന്ന കുട്ടിയുടെ 22 പശുക്കളിൽ 13 എണ്ണവും കപ്പത്തൊണ്ടിലെ സയനൈഡ് വിഷബാധയിൽ ചത്തത്. വാർത്തയായതോടെ കേരളമെമ്പാടും നിന്ന് സഹായമൊഴുകിയെത്തി. മമ്മൂട്ടി, പൃഥിരാജ്, ജയറാം, ലുലു ഗ്രൂപ്പ്, മിൽമ തുടങ്ങിയവർ സാമ്പത്തികമായും സഹായിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി ഇൻഷുറൻസുള്ള അഞ്ച് കറവ പശുക്കളെ ലൈവ്സ്റ്റോക്ക് ബോർഡ് വഴി നൽകി. ഗർഭിണികളായ മൂന്ന് പശുക്കളെ സി.പി.എം നൽകി. പി.ജെ. ജോസഫ് എം.എൽ.എ ഒരു പശുവിനെയും കത്തോലിക്കാ കോൺഗ്രസ് രണ്ട് പശുക്കളെയും മൂരിക്കിടാവിനെയും നൽകി.
പതിവ് തെറ്റാതെ മുല്ലപ്പെരിയാർ
ആഗസ്റ്റിൽ മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ ഒരിടവേളക്ക് ശേഷം വീണ്ടും അണക്കെട്ട് വാർത്തകളിൽ നിറഞ്ഞു.
മുല്ലപ്പെരിയാർ സമരസമിതി, സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്നീ സംഘടനകൾ പുതിയ ഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. ഇതിനിടെ ഡിസംബറിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാട് ആദ്യം അനുമതി നിഷേധിച്ചു.
പിന്നീട് സമ്മർദത്തെ തുടർന്ന് അനുമതി നൽകി. പിന്നാലെ ഡാം ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രി നടത്തിയ പ്രസ്താവനയും ചൂടേറിയ ചർച്ചയായി.
നീതി കിട്ടാതെ വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരി
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അർജുന്റെ പിതൃസഹോദരൻ ഇരയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തിപരിക്കേൽപ്പിച്ചത് ജനുവരി ആറിനായിരുന്നു. സംഭവത്തിൽ അർജുന്റെ പിതാവിന്റെ അനിയൻ പാൽരാജ് (46) പൊലീസ് പിടിയിലായിരുന്നു.
പീഡനക്കേസിൽ കുറ്റവിമുക്തനാക്കിയ അർജുൻ ഹൈകോടതി നിർദേശപ്രകാരം കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി ബോണ്ട് നൽകിയത് ഡിസംബർ 23നായിരുന്നു.
വേനലിൽ നശിച്ചത് 43,703 ഏക്കർ കൃഷി
ഇടുക്കിയിൽ 43,703 ഏക്കർ സ്ഥലത്തെ കൃഷിയാണ് വേനലിൽ നശിച്ചത്. 30,183 കർഷകരുടെ ഏലവും കുരുമുളകും കാപ്പിയുമെല്ലാം കരിഞ്ഞുണങ്ങി. ഏറ്റവും കൂടുതൽ നശിച്ചത് ഏലമാണ്. 40,550 ഏക്കർ സ്ഥലത്തെ ഏലമാണ് ഇല്ലാതായത്. ഇതുവഴി 22,311 കർഷകർക്ക് 113 കോടിയുടെ നഷ്ടമാണുണ്ടായത്.
ഡീനിന്റെ രണ്ടാമൂഴം
തുടർച്ചയായ രണ്ടാം തവണയും കോൺഗ്രസിലെ ഡീൻ കുര്യാക്കോസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം. മൂന്നാം വട്ടവും ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഡീനിന്റെ വിജയം.
മനസ്സാക്ഷിയെ നടുക്കിയ ഇരട്ടക്കൊലപാതകം
കട്ടപ്പന കാഞ്ചിയാറിലെ ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിക്കുന്നതായി മാറി. കാഞ്ചിയാർ കക്കാട്ടികട നെല്ലാനിക്കൽ വിജയൻ, മകളുടെ ആൺകുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.
2016ൽ പിഞ്ചുകുഞ്ഞിനേയും 2023ൽ കുട്ടിയുടെ മുത്തശ്ശനേയും കൊന്നു കുഴിച്ചുമൂടിയതായി ഒന്നാം പ്രതിയും കുഞ്ഞിന്റെ അച്ഛനുമായ പാറക്കടവ് പുത്തൻ പുരയ്ക്കൽ നീതീഷ് (രാജേഷ്- 31) കട്ടപ്പന പൊലീസിനോട് സമ്മതിച്ചു.
മന്ത്രവാദിയെന്ന പേരിൽ വിജയന്റെ കുടുംബവുമായി അടുത്ത നിതീഷായിരുന്നു മറ്റൊരു പ്രതി.
ചൊക്രമുടി കൈയേറ്റം
കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ചൊക്രമുടിയിൽ നടന്ന ഭൂമി കൈയേറ്റം വലിയ ചർച്ചയായി. അടിമാലി സ്വദേശി സിബി ജോസഫ് ചൊക്രമുടി മലയിൽ അനധികൃതമായി റോഡ് വെട്ടുകയും മരങ്ങൾ വെട്ടിക്കടത്തുകയും തടയണ നിർമ്മിക്കുകയും അനധികൃത പാറഖനനം നടത്തുകയും ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് കൈയേറ്റ വിവാദം പുറംലോകമറിഞ്ഞത്. ചൊക്രമുടിയിൽ ഭൂമി ഉള്ളവരുടെ ഹിയറിങ്ങുകൾ അഞ്ചെണ്ണം നടന്നെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്.
മൂന്നാറിൽ ജലവിമാനമിറങ്ങി
ചരിത്രനിമിഷത്തിന് സാക്ഷ്യംകുറിച്ച് മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഓളപ്പരപ്പിൽ മുത്തമിട്ട് സീപ്ലെയിൻ. ജില്ലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനമിറങ്ങുന്നത്. നവംബർ 11നാണ് കൊച്ചി ബോൾഗാട്ടിയിൽ നിന്ന് പുറപ്പെട്ട സീ പ്ലെയിൻ മാട്ടുപ്പട്ടിയിൽ ഇറങ്ങിയത്. പദ്ധതി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതർ രംഗത്തെത്തിയത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.
ഷെഫീഖിന് 11 വർഷത്തിന് ശേഷം നീതി
അഞ്ച് വയസുകാരനായ ഷെഫീഖിനെ മർദിച്ച് ചലന ശേഷി ഇല്ലാതാക്കിയ കേസിൽ 11 വർഷത്തിന് ശിക്ഷ. അച്ഛന് ഏഴു വർഷവും രണ്ടാനമ്മക്ക് പത്തുവർഷവും കഠിന തടവാണ് ശിക്ഷ വിധിച്ചത്. ക്രൂര മർദനത്തിനിരയായ കുട്ടിയെ 2013 ജൂലൈ 15നാണ് കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്നെങ്കിലും മർദനത്തിൽ തലച്ചോറിനും നട്ടെല്ലിനുമേറ്റ ക്ഷതം കാരണം എഴുന്നേറ്റ് നടക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിയില്ല. പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളർച്ചയുമില്ല. ഇപ്പോൾ 17 വയസുള്ള ഷെഫീഖിനെ പോറ്റമ്മ രാഗിണിയാണ് നോക്കുന്നത്.
നൊമ്പരമായി വ്യാപാരിയുടെ മരണം
നിക്ഷേപതുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ വ്യാപാരിയായ മുളങ്ങാശ്ശേരിൽ സാബു (56) ഡിസംബർ 20ന് ജീവനൊടുക്കിയത് സംസ്ഥാനമൊട്ടാകെ പ്രതിഷേധത്തിനിടയാക്കി. സൊസൈറ്റിയിലെ സെക്രട്ടറിയടക്കം മൂന്ന് ജീവനക്കാരുടെ പേര് ആത്മഹത്യ ക്കുറിപ്പിൽ എഴുതി വെച്ചിട്ടായിരുന്നു അദ്ദേഹം തൂങ്ങി മരിച്ചത്.
ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തു. ഇവരെ സൊസൈറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.