നെയ്യശ്ശേരി-തോക്കുമ്പൻ റോഡ് വീതികൂട്ടൽ: അതിര് തിരിക്കണമെന്ന് കരാറുകാർ; കഴിയില്ലെന്ന് വകുപ്പുകൾ
text_fieldsകരിമണ്ണൂര്‍: റോഡിന് വീതികൂട്ടി പണിയാൻ അതിര് അളന്നുതിട്ടപ്പെടുത്തി നല്‍കണമെന്ന് കെ.എസ്.ടി.പി. എന്നാൽ, ജീവനക്കാരുടെ കുറവുകാരണം കഴിയില്ലെന്ന് കാട്ടി റവന്യൂ വകുപ്പും സര്‍വേ വിഭാഗവും മറുപടി നൽകി.
ബി.എം ബി.സി നിലവാരത്തില്‍ പണിയുന്ന നെയ്യാശ്ശേരി-തോക്കുമ്പൻ റോഡിന്റെ ഇരുവശത്തെയും അതിര്‍ത്തി നിശ്ചയിച്ച് നല്‍കണമെന്ന് കാട്ടി കെ.എസ്.ടി.പിയും കരിമണ്ണൂര്‍ പഞ്ചായത്തും തൊടുപുഴ താലൂക്ക് സര്‍വേയര്‍ക്കും ലാന്‍ഡ് അസൈന്മെന്റ് തഹസില്‍ദാര്‍ക്കും കത്ത് നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ‘ജീവനക്കാരുടെ കുറവുണ്ട്; അതിനാല്‍ അളക്കാന്‍ കഴിയുകയില്ല’ എന്നാണ് ഇവർ പറയുന്ന മറുപടി.
പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കരാറുകാരന് നിലവിലെ വീതിയില്‍ റോഡ് ടാർ ചെയ്യാൻ നിര്‍ബന്ധിതനായിരിക്കുകയാണ്. നെയ്യശ്ശേരിക്കവല മുതല്‍ കോട്ടക്കവലവരെയും മുളപ്പുറം തേക്കിന്‍കൂപ്പ് മുതല്‍ തൊമ്മന്‍കുത്ത് വരെയുമാണ് പ്രശ്നം നിലനില്‍ക്കുന്നത്. ഇതിൽ നെയ്യശ്ശേരിക്കവല മുതല്‍ കോട്ടക്കവലവരെ സ്വകാര്യവ്യക്തികളുടെ കൈയേറ്റമാണ്.
മുളപ്പുറം മുതലുള്ളത് വനം വകുപ്പുമായി അതിര്‍ത്തി തര്‍ക്കമാണ്. റോഡ് പണിത കാലത്ത് എത്രവീതി ഉണ്ടായിരുന്നു എന്ന രേഖ പൊതുമരാമത്ത് വകുപ്പോ റവന്യൂ വകുപ്പോ ഹാജരാക്കിയാൽ തീരുന്ന പ്രശ്നമാണ് അനന്തമായി നീട്ടിക്കൊണ്ടുപോയി പണിതടസ്സപ്പെടുത്താന്നീക്കം നടത്തുന്നത്.
ഇതിന് പുറമെ കരിമണ്ണൂര്‍ പഞ്ചായത്തിലെ റോഡ് രജിസ്റ്റര്‍ പരിശോധിച്ച് റോഡിന്റെ ഉടമസ്ഥാവകാശ തര്‍ക്കം വനം വകുപ്പുമായി തീര്‍ക്കാന്‍ കഴിയുമെന്നിരിക്കെ അതിനുള്ള ശ്രമം പഞ്ചായത്തും നടത്തുന്നില്ല എന്ന ആക്ഷേപവുമുണ്ട്. 1977മുതല്‍ ബസ് സര്‍വിസ് നടന്നുവരുന്ന റോഡിന്റെ റൈറ്റ് ഓഫ് വേ കിട്ടിയാലെ പാലം പണി യാന്‍ അനുവദിക്കുകയുള്ളൂവെന്ന വനം വകുപ്പിന്റെ വാദം അവസാനിപ്പിക്കാൻ വനംമന്ത്രിയോ സര്‍ക്കാറോ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്കാന് മാത്രമേ കെ.എസ്.ടി.പിക്ക് കഴിയുകയുള്ളു. എന്നാൽ, റോഡിന് വീതികൂട്ടുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ കരാറുകാരന് ചെയ്യുന്നില്ലെന്ന് ആക്ഷേപിച്ച് പണി തടസ്സപ്പെടുത്താന്‍ ചിലകോണുകളില്‍നിന്ന് നീക്കം നടന്നുവരുന്നത് റോഡുപണി വൈകിപ്പിക്കാനോ നിര്‍ത്തിവെപ്പിക്കാനോ കാരണമാകും. 15 വര്‍ഷം മുമ്പ് ഇതുവഴിയുള്ള റോഡിന് അനുമതികിട്ടിയിരുന്നു.
അന്ന് ഇത്തരം തടസ്സവാദക്കാര്മൂലം റോഡുപണി മുടങ്ങിയകാര്യവും നാട്ടുകാര്‍ ഓർക്കുന്നു. അതിനാൽ റോഡുപണിക്ക് തടസ്സം നില്ക്കുന്ന ശക്തികളെ നിലക്ക് നിര്‍ത്താൻ ജനപ്രതിനിധികള്‍ മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.