പട്ടികവർഗ കോളനിയിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ; ഗതികേടിൽ പ്രദേശവാസികൾ
text_fieldsമൂലമറ്റം: ഇലപ്പള്ളി അനൂർ ഗ്രീൻവാലി പട്ടികവർഗ കോളനിയിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇനിയും ഇതു നന്നാക്കാൻ നടപടിയായില്ല. റോഡ് തോടായി മാറിയതോടെ ഇതുവഴി വാഹനങ്ങൾ കടന്നുപോകാത്ത സ്ഥിതിയിലായി.
ഇലപ്പള്ളിയിൽനിന്ന് അനൂരിനുള്ള രണ്ട് കിലോമീറ്റർ റോഡാണ് തകർന്നത്. രോഗികളെ ചുമന്നിറക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കല്ലുകളിളകി ഇതുവഴി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ വയോധികരും മറ്റും ഇവിടെനിന്ന് താമസം മാറുകയാണ്. 2014ൽ ഈ റോഡിന് ഫണ്ട് അനുവദിച്ചതാണ്. എന്നാൽ, ഇതിനെതിരെ ചിലർ നൽകിയ വ്യാജപരാതിയിൽ ഫണ്ട് ലാപ്സാവുകയായിരുന്നു.
മഴക്കാലത്ത് ഇതുവഴി കാൽനടപോലും ദുരതിമാണ്. അറക്കുളം പഞ്ചായത്തിലെ ആദ്യകാല റോഡുകളിൽ ഒന്നാണിത്. ഗോത്രവർഗ മേഖലയായ കണ്ണിക്കൽ, അനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന റോഡാണിത്. ഇവിടെ ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഓടിക്കൊണ്ടിരുന്ന ഇവിടെ ഇപ്പോൾ ഒരു വാഹനവും ഓടാത്ത സ്ഥിതിയിലാണ്. റോഡിന് ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡ് തകരുകയാണ്. കോൺക്രീറ്റ് റോഡിന്റെ വശങ്ങളിൽ കല്ലുകൾ പാകാത്തതുമൂലം കോൺക്രീറ്റും തകർന്നു.
കോടിക്കണക്കിന് രൂപ എസ്.ടി ഫണ്ടായി ലഭിക്കുമ്പോഴും എസ്.ടി വിഭാഗത്തിലുള്ളവർ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശത്തേക്കുള്ള റോഡിന് ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.