പ്രതീക്ഷയുടെ ട്രാക്കിൽ ശബരി റെയിൽ
text_fieldsതൊടുപുഴ: മലയോര ജനതയുടെയും ശബരിമല തീർഥാടകരുടെയും ഏറെനാളത്തെ സ്വപ്നമായ ശബരി റെയിൽപാതക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിെൻറ പച്ചക്കൊടി. പദ്ധതിയുടെ ആകെ ചെലവിെൻറ 50 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ പദ്ധതി വീണ്ടും ട്രാക്കിലായെന്ന സൂചനയാണ് കേന്ദ്ര റെയിൽവേ മന്ത്രി നൽകുന്നത്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന ഡീൻ കുര്യാക്കോസ് എം.പിയുടെ കത്തിന് മറുപടിയായാണ് പദ്ധതിയുമായി റെയിൽവേ മുന്നോട്ടുപോകുകയാണെന്ന കേന്ദ്രമന്ത്രി അറിയിച്ചത്.
ഉയരുന്നത് പ്രതീക്ഷയുടെ ചൂളം
1997-'98ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച 116 കി.മീ. ദൈർഘ്യമുള്ള അങ്കമാലി-ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാറിെൻറ അഭ്യർഥനപ്രകാരം അഞ്ച് കി.മീ. കുറച്ച് പാത എരുമേലി വരെയാക്കി. 2002ൽ അങ്കമാലി മുതൽ രാമപുരം വരെ 70 കി.മീ. ദൂരത്തിെൻറ അന്തിമസർവേ പൂർത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാറിെൻറ നിസ്സഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടുപോകാതിരുന്നത്.
ആകാശ സർവേ ആരംഭിക്കും
പദ്ധതി തുക 550 കോടിയിൽനിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി ഉയർന്നു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രംതന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ചുനിന്നു. എന്നാൽ, പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ ജനുവരിയിൽ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്. സംസ്ഥാനത്തിെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം സംസ്ഥാന റെയിൽവേ വികസന കോർപറേഷൻ പദ്ധതിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് തയാറാക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെ 41 കി.മീ. ദൂരത്തെ എസ്റ്റിമേറ്റ് തയാറാക്കാൻ ലിഡാർ സർവേ ഇനി പൂർത്തിയാക്കണം. മഴ മാറിയാലുടൻ ആകാശ സർവേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതൽ എരുമേലി വരെ 70 കി.മീ. മാത്രം പൂർത്തിയാക്കാൻ 2825 കോടി രൂപ ചെലവുവരും. കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരെ ഏഴര കി.മീ. മാത്രമാണ് നിർമാണം പൂർത്തിയായത്. പദ്ധതിയിൽ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർഥ്യമാകുമെന്നാണ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.