സേഫ് പദ്ധതി: ഇടുക്കി ജില്ലയിൽ സുരക്ഷിതമാകുന്നത് 400 ഭവനങ്ങൾ
text_fieldsതൊടുപുഴ: സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാൻ പട്ടികജാതി വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതിനുള്ള സേഫ് (സെക്യൂർ അക്കോമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്‍റ്) പദ്ധതി പ്രകാരം ജില്ലയിൽ തെരഞ്ഞെടുത്തത് 400 ഭവനങ്ങൾ.
നിലവിൽ പട്ടികവിഭാഗങ്ങൾക്കായി വകുപ്പ് ഭവന പൂർത്തീകരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂർത്തീകരിച്ച വീടുകളിൽ സുരക്ഷിതമായ മേൽക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈൽ ചെയ്ത തറ, ബലപ്പെടുത്തിയ ചുവര്, പ്ലംബിങ്, വയറിങ്, പ്ലാസ്റ്ററിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പടുത്താൻ വിവിധ തരത്തിലുള്ള തടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളോട് കൂടി ഭവനങ്ങൾ പുനരുദ്ധരിക്കുന്നതിന് സേഫ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ വിവിധ പദ്ധതികളിലായി നിരവധി പട്ടികവിഭാഗങ്ങൾക്ക് വീടുണ്ടെങ്കിലും മിക്കവയും അടച്ചുറപ്പുള്ളതല്ല. പലതും പണി പൂർത്തിയാകാത്തതും വലിയ തോതിൽ നവീകരണം ആവശ്യമായതുമാണ്.നിത്യചെലവിനുപോലും ബുദ്ധിമുട്ടുന്നവർക്ക് നവീകരണത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് സേഫ് പദ്ധതിയുമായി വകുപ്പ് എത്തുന്നത്.
സർക്കാറിന്‍റെ വിവിധ പദ്ധതികളിൽ വീട് നിർമാണം ആരംഭിച്ച് എങ്ങനെയെങ്കിലും വാർക്ക നടത്തി വീട്ടിൽ താൽക്കാലിക സംവിധാനങ്ങളൊരുക്കി ഭൂരിഭാഗം പേരും താമസം തുടങ്ങുകയാണ് ചെയ്യുന്നത്. മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പാതിവഴിയിൽ അങ്ങനെ കിടക്കുന്ന സാഹചര്യം പദ്ധതിവഴി ഒഴിവാക്കാൻ കഴിയും. ഈ വർഷം 400 പേർക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തിന് അനുവദിക്കുക.
കേവലമൊരു നിർമിതിയിൽനിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമ്പൂർണഭവനങ്ങളിലേക്കുള്ള മാറ്റമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. തുടർപ്രവൃത്തികൾക്ക് പണം തികയാത്തിനാൽ ഭൂരിഭാഗം വീടുകളിലും പ്ലംബിങ്ങും വയറിങ്ങും പൂർത്തിയാകാത്ത സാഹചര്യവുമുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയടക്കം നിർമിച്ച ഇവരുടെ വീടുകളിൽ നവീകരണത്തിന് പ്രത്യേക തുക അനുവദിച്ചിട്ടില്ല.
ഈ വീടുകളും സേഫ് പദ്ധതി തുക ഉപയോഗിച്ച് നവീകരിക്കും. മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ടുലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും രണ്ടാം ഗഡു ഒരു ലക്ഷവും മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാവും തുക നല്‍കുക.
വകുപ്പിൽ നിയമിതരാകുന്ന അക്രഡിറ്റഡ് എൻജിനീയർമാർക്കാവും പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടം. ഒരു ലക്ഷം രൂപവരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ ഒന്നിന് ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ധനസഹായം ലഭിക്കാത്തവരുമാണ് ധനസഹായത്തിന് അർഹർ.
അതത് പട്ടികജാതി വികസന ഓഫിസർമാർ അനുബന്ധ രേഖകൾ പരിശോധിച്ച് അർഹത മാനദണ്ഡങ്ങൾ പ്രകാരം പട്ടിക തയാറാക്കി അക്രഡിറ്റഡ് എൻജിനീയർമാർ നേരിൽ സന്ദർശിച്ച് ഉൾപ്പെടുത്തേണ്ട പ്രവൃത്തികൾ രേഖപ്പെടുത്തി എസ്റ്റിമേറ് തയാറാക്കി നടപടികൾ പൂർത്തീകരിച്ച ശേഷമാണ് ധനസഹായം ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.