അണക്കെട്ടുകളിൽ മണൽ അടിഞ്ഞു; സംഭരണശേഷി 25 ശതമാനത്തിൽ താഴെ
text_fieldsഅടിമാലി: മണലും ചളിയും നീക്കാത്തതിനാൽ അണക്കെട്ടുകളിൽ ജലസംഭരണശേഷി കുറയുന്നു. വൈദ്യുതി വകുപ്പിനു കീഴിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ആനയിറങ്കൽ, മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളിലാണ് മണലും ചളിയും നിറഞ്ഞിരിക്കുന്നത്. ഇതുമൂലം ഇൗ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 25 ശതമാത്തിൽ താഴെ മാത്രമേ വെള്ളമുള്ളൂ. 2018, 2019 വർഷങ്ങളിലെ പ്രകൃതി ദുരന്തങ്ങളും മഹാപ്രളയവുമാണ് സംഭരണശേഷിയെ പ്രധാനമായി ബാധിച്ചത്. ഇതുമറികടക്കാൻ മഴക്കാലത്ത് അണക്കെട്ടുകളുടെ അടിത്തട്ടിലെ സ്ലൂയിസ് വാൽവ് തുറന്നുവിട്ട് മണൽ, ചളി ശേഖരം ഒഴുക്കിവിടാൻ സംവിധാനമുണ്ട്. എന്നാൽ, കല്ലാർകുട്ടി ഒഴികെയുള്ളവ പ്രവർത്തിക്കുമോ എന്ന സംശയമാണ് ഈ നീക്കത്തിന് മുതിരാതിരിക്കാൻ കാരണം.
1950കളിൽ നിർമിച്ചതാണ് മേഖലയിലെ ഭൂരിഭാഗം അണക്കെട്ടുകളും. മിക്ക അണക്കെട്ടുകളുടെയും സ്ലൂയിസ് വാൽവ് തുറന്നിട്ട് 10 വർഷത്തിലധികമായി. കൂടാതെ പെൻസ്റ്റോക്, ഇൻടേക് ഷട്ടറുകളും തുറക്കാറും അടക്കാറും ഇല്ല. വർഷാവർഷം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഷട്ടറിലെ ഉരുക്കുവടം ഉൾപ്പെടെ തുരുമ്പെടുത്തും മറ്റും നാശത്തിെൻറ വക്കിലാണ്. അണക്കെട്ടുകളിലെ മണ്ണും ചളിയും നീക്കി സംഭരണശേഷി വര്‍ധിപ്പിച്ചാൽ വേനൽക്കാലത്തെ ൈവദ്യുതി പ്രതിസന്ധി പരിഹരിക്കാനാകും.
ചെറിയ മഴ പെയ്താല്‍പോലും കല്ലാര്‍കുട്ടി അടക്കം ചെറിയ അണക്കെട്ടുകള്‍ വേഗത്തില്‍ നിറയുകയാണ്. ഇത്തവണ കാലവര്‍ഷാരംഭത്തില്‍ തന്നെ കല്ലാര്‍കുട്ടിയും പാംബ്ലയും ഹെഡ് വര്‍ക്സ് അണക്കെട്ടും തുറക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് മണ്ണും ചളിയും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. അണക്കെട്ടുകളിലെ മണല്‍ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുമ്പ് അറിയിച്ചിരുന്നു. ടെൻഡർ നടപടിവരെ ആയെങ്കിലും തുടർപ്രവർത്തനം ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.