പുസ്തകങ്ങൾക്ക് കരവിരുതിന്‍റെ പുറംചട്ടയൊരുക്കി ശശിധരൻ
text_fieldsചെറുതോണി: ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ തൊഴിൽ നഷ്ടമായ ഒരു വിഭാഗമാണ് ബുക്ക് ബൈൻഡിങ് തൊഴിലാളികൾ. വർഷങ്ങളായി ബൈൻഡിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന പലരും മേഖല വിട്ടെങ്കിലും 30വർഷമായി പുസ്തകങ്ങൾക്ക് പഴമയുടെ നൂലിഴയിട്ട് പ്രൗഢിയുടെ പുറംചട്ട ഒരുക്കി ഈ രംഗത്ത് തുടരുകയാണ് ചെറുതോണി സ്വദേശി നെല്ലംകുഴിയിൽ ശശിധരൻ.
മനോഹരമായ പുറംചട്ടകൾ ഇട്ട് നൂല് പാകി പശതേച്ച് കൈകൊണ്ട് തയാറാക്കുന്ന ബൈൻഡിങ്ങോട് കൂടിയ പുസ്തകങ്ങൾ മാത്രമായിരുന്നു ഒരുകാലത്ത് വിപണിയിൽ. കാലം മാറിയതോടെ ഈ രംഗത്തും നൂതന സാങ്കേതിക വിദ്യകൾ വന്നു. എങ്കിലും ദീർഘകാലം ഈടുനിൽക്കുന്നതിനാൽ കൈകൊണ്ടുള്ള ബൈൻഡിങ് അന്വേഷിച്ച് എത്തുന്നവരുമുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലം ഒന്നുമില്ലാതെയാണ് ശശിധരന്റെ ബൈൻഡിങ്. യന്ത്രങ്ങളുടെ സഹയത്തോടെ പുസ്തകങ്ങൾ വേഗത്തിൽ ബൈൻഡ് ചെയ്യാൻ കഴിയും. എന്നാൽ, സർക്കാർ ഓഫിസുകളിലെ വലിയ രജിസ്റ്ററുകൾ, വലിയ പുസ്തകങ്ങൾ, കൈയെഴുത്ത് പ്രസിദ്ധീകരണങ്ങൾ എല്ലാം ദീർഘകാലം നിലനിൽക്കണമെങ്കിൽ കൈകൊണ്ട് ബൈൻഡ് ചെയ്യണമെന്നാണ് ശശിധരൻ പറയുന്നത്.
കോട്ടയം അതിരമ്പുഴ ഒരുകാലത്ത് ബൈൻഡിങ് ജോലിക്ക് പേരുകേട്ട പ്രദേശമാണ്. ശശിധരനെപ്പോലെ അനേകംപേർ ഇവിടെനിന്നാണ് തൊഴിൽ പഠിച്ചത്. പിൽക്കാലത്ത് ഇവരിൽ മറ്റ് ജോലി തേടിപ്പോയെങ്കിലും ശശിധരനെപ്പോലെ കുറച്ചാളുകൾ ഇപ്പോഴും ഈ മേഖലയിൽ തുടരുന്നു. ഒരു പുസ്തകം ബൈൻഡ് ചെയ്യാൻ രണ്ട് മണിക്കൂർ വരെ ആവശ്യമാണ്.
കാര്യമായ വരുമാനം ഇല്ലെങ്കിലും പഠിച്ച തൊഴിൽ ജീവതകാലം മുഴുവൻ ചെയ്യണമെന്നാണ് മണിയാറൻകുടി സ്കൂൾ സിറ്റിയിൽ താമസിക്കുന്ന ശരിധരന്റെ ആഗ്രഹം. ഭാര്യ ശാന്തമ്മ തയ്യൽക്കാരിയാണെങ്കിലും സമയംകിട്ടുമ്പോൾ ഭർത്താവിനെ ബൈൻഡിങ്ങിൽ സഹായിക്കുന്നുണ്ട്. മൂന്നാൺ മക്കളും പ്രിന്‍റിങ് പ്രസും കമ്പ്യൂട്ടർ സെന്‍ററുമൊക്കെയായി അക്ഷരലോകത്ത് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.