മുല്ലപ്പെരിയാറിൽ തമിഴ്നാട് അധികൃതർക്ക് സാറ്റലൈറ്റ് ഫോൺ
text_fieldsമുല്ലപ്പെരിയാർ ഉദ്യോഗസ്ഥന്റെ ഓഫിസിലെത്തിച്ച സാറ്റലൈറ്റ് ഫോൺ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നിമിഷം പ്രതി തമിഴ്നാട്ടിലെത്തിക്കാൻ അധികൃതർക്ക് സാറ്റലൈറ്റ് ഫോൺ.
അണക്കെട്ടിന്‍റെ ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജിനീയർ, അസി.എൻജിനീയർ, ബോട്ടിലെ ജീവനക്കാർ, അണക്കെട്ടിലെ ജീവനക്കാർ എന്നിവർക്കായി ആറ് സാറ്റലൈറ്റ് ഫോണുകളാണ് ലക്ഷങ്ങൾ ചെലവഴിച്ച് തമിഴ്നാട് ജലവിഭവ വകുപ്പ് വാങ്ങി നൽകിയത്. ഒരു ഫോണിന് ഒരു ലക്ഷത്തിലധികമാണ് ചെലവ്. 2018ൽ ഉണ്ടായ വെള്ളപ്പൊക്കവും മഴയും പ്രതികൂല കാലാവസ്ഥയും അണക്കെട്ടിൽനിന്ന് മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയം തടസ്സപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് സാറ്റലൈറ്റ് ഫോൺ നൽകിയത്. അണക്കെട്ടിലും തേക്കടിയിലുമുള്ള വിവരങ്ങൾ നിമിഷങ്ങൾക്കകം ചെന്നൈയിലെ ആസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം എന്നാണ് വിവരം.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് വനം വകുപ്പും തമിഴ്നാടുമായി നിരന്തരം ഉണ്ടാകുന്ന തർക്കങ്ങളും പ്രശ്നങ്ങളും വേഗത്തിൽ തമിഴ്നാട്ടിലേക്ക് എത്തിക്കാനും പ്രതിഷേധം ശക്തിപ്പെടുത്താനും പുതിയ സംവിധാനം ജീവനക്കാർക്ക് ഉപകരിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിൽ കേരളം നിരന്തരം വീഴ്ച വരുത്തുന്നതിനിടെയാണ് വൈദ്യുതി എത്തിയതിന് പിന്നാലെ അണക്കെട്ടിലേക്ക് സാറ്റലൈറ്റ് ഫോണുകൾ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.