അങ്ങനെയിപ്പോ ‘പറക്കണ്ട’
text_fieldsഇടുക്കി: വർഷം രണ്ടായിട്ടും പണി പൂർത്തിയാകാതെ ജില്ലയിലെ സത്രം എയർസ്ട്രിപ്.ഇവിടെ ആദ്യ വിമാനം പറന്നിറങ്ങിറങ്ങിയിട്ട് രണ്ട് വർഷമാവുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ വ്യോമസേനാ വിമാനങ്ങളും ഹെലികോപ്റ്ററുകളും എയർ സ്ട്രിപ്പിൽ ഇറക്കാൻ കഴിയുന്നത് ജില്ലക്ക് ഏറെ സഹായകരമാകുമായിരുന്നു. പക്ഷേ, പദ്ധതിക്ക് വനംവകുപ്പ് തടസ്സം നിൽക്കുകയാണെന്നാണ് ആരോപണം.
2022ലാണ് വണ്ടിപ്പെരിയാർ മഞ്ചുമലയിൽ 650 മീറ്റർ റൺവേ ഉൾപ്പെടെ എൻ.സി.സിയുടെ എയർസ്ട്രിപ്പിൽ എൻ.ഡി.ആർ.എഫിന്റെ വിമാനം പരിശോധനയുടെ ഭാഗമായി പറന്നിറങ്ങിയത്. എന്നാൽ അപ്രോച്ച് പാത പണി പൂർത്തീകരണം, റൺവേയുടെ അറ്റകുറ്റപ്പണി എന്നിവ വനം വകുപ്പിന്റെ കടുംപിടുത്തം കാരണം മുടങ്ങി. എൻ.സി.സിയുടെ എയർസ്ട്രിപ് 1960 മുതൽ 2008 വരെ തിരുവനന്തപുരം വിമാനത്താവളത്തിലും തുടർന്ന് 2014 വരെ എയർഫോഴ്സ് സ്റ്റേഷനിലുമായിരുന്നു.
2017ലാണ് ഇടുക്കിയിൽ സ്ഥലം കണ്ടെത്തി എയർസ്ട്രിപ് സ്ഥാപിക്കാൻ നടപടിയാരംഭിച്ചത്. കേന്ദ്രസർക്കാറും എയർഫോഴ്സ് അധികൃതരും സ്ഥലം സന്ദർശിച്ച് സമ്മതം പറഞ്ഞ ശേഷമാണ് പണികൾ ആരംഭിച്ചത്. നാല് ചെറുവിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള ഹാങ്ങറിന്റെ നിർമാണം, 50 എൻ.സി.സി വിദ്യാർഥികൾക്ക് പരിശീലന സൗകര്യം എന്നിവയും ഇവിടെ പൂർത്തിയായി. എന്നാൽ അപ്രോച്ച് പാത പൂർത്തിയായിട്ടില്ല.
വനമേഖല എന്ന കാരണത്തിൽ അപ്രോച്ച് റോഡിന്റെ 450 മീറ്റർ പണി പൂർത്തിയാക്കാൻ വനം വകുപ്പ് അനുവദിക്കാത്തതാണ് പ്രശ്നം. 2022ൽ കനത്ത മഴയിൽ എയർ സ്ട്രിപ്പിന്റെ ഒലിച്ചുപോയ ഭാഗങ്ങൾ നിർമിക്കാനും വനം വകുപ്പിന്റെ എതിർപ്പുണ്ടെന്ന് അധികൃതർ പറയുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലയിൽ ദുരന്തനിവാരണ സേനയുടേത് ഉൾപ്പടെ ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും എത്തിക്കാൻ സാധ്യമാകുന്ന എയർസ്ട്രിപ് എത്രയും വേഗം പ്രാവർത്തികമാക്കണമെന്നാണ് നാടിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.