ഉച്ചബെല്ലിന് കാതോർത്ത് സ്കൂൾ പാചകത്തൊഴിലാളികൾ
text_fieldsതൊടുപുഴ: നിരവധി കുട്ടികൾക്ക് അന്നമൂട്ടിയ പാചകത്തൊഴിലാളികളുടെ ജീവിതം സ്കൂളുകൾ അടഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലാണ്. 16മാസമായി ഇവരുടെ മുഖത്തെ ചിരി മാഞ്ഞിട്ട്. കോവിഡിനെ തുടർന്ന് സ്കൂളുകൾക്ക് പൂട്ട് വീണതോടെയാണ് അവർക്കായി കരിയും പുകയും ഏറ്റിരുന്ന നൂറുകണക്കിന് തൊഴിലാളികൾ പ്രതിസന്ധിയുടെ ആഴങ്ങളിലകപ്പെട്ടത്. 30 വർഷത്തോളം സ്കൂളിൽ പാചക ജോലി ചെയ്തവർ വരെ ഇപ്പോൾ വരുമാനം നിലച്ച് പട്ടിണിയിലാണ്.
സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ 500 രൂപയാണ് വേതനം ലഭിച്ചിരുന്നത്. ശനി, ഞായർ അവധി ദിനങ്ങൾ ഒഴിവാക്കിയാൽ മാസം 12,000-13,000 രൂപയാണ് മാസശമ്പളം. സാധാരണ എല്ലാ ബഡ്ജറ്റിലും 50 രൂപ വീതം വേതനവർധനയും ലഭിച്ചിരുന്നു. കോവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞതിനാൽ ഇവ മുടങ്ങി. സ്കൂൾ അടച്ചതിന് ശേഷം 1600 രൂപ മാസം നൽകുന്നുണ്ട്. അതുകൊണ്ട് ജീവിതം മന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് പാചകത്തൊഴിലാളികൾ പറയുന്നു.
പിടിപ്പത് ജോലി; ഒറ്റയാൾ പോരാട്ടം
സ്കൂളിലെ പാചകജോലി നിസ്സാര പണിയല്ല. പാചകവും പാത്രം കഴുകലുമടക്കം എല്ലാ ജോലികളും ഒറ്റക്കുതന്നെ ചെയ്യേണ്ടിവരും.ജോലി ഉച്ചക്ക് 12നുള്ളിൽ ഒറ്റക്ക് തീർക്കണം. രാവിലെ എട്ടുമണിക്ക് കുട്ടികൾക്ക് വെള്ളം തിളപ്പിക്കുന്നത് മുതൽ ഇവരുടെ ജോലി തുടങ്ങും. ചോറും രണ്ടോ മൂന്നോ കറികളും അടങ്ങിയ ഉച്ചഭക്ഷണം. ആഴ്ചയിൽ രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരുദിവസം പുഴുങ്ങിയ മുട്ട, പാത്രവും ഗ്ലാസും കഴുകൽ മുതൽ അടുക്കള വൃത്തിയാക്കൽ വരെ ജോലി വേറെ. തൊഴിലാളികൾ 90 ശതമാനം പേരും താഴേത്തട്ടിലുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും 50നും 60നും ഇടയിൽ പ്രായമുള്ളവരാണ്. അവധി എടുക്കണമെങ്കിൽ പകരം ആളെ കണ്ടെത്തിനൽകണം. സർക്കാറിെൻറ കണക്കിൽ സന്നദ്ധ സേവകരായാണ് പാചകത്തൊഴിലാളികളെ കണക്കാക്കിയിരിക്കുന്നത്. അതിനാൽ പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അർഹതയില്ല.
കോവിഡ് സാഹചര്യത്തിൽ അടിയന്തരമായി നിശ്ചിത വേതനം ഇവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മാനുഷിക പരിഗണന നൽകിക്കൂടേ?
55 വയസ്സിന് മുകളിലുള്ളവർ വരെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് തൊഴിലാളികൾ പറയുന്നു. മറ്റൊരു തൊഴിലിനും പോകാൻ സാധിക്കാത്തവരാണ് ഭൂരിഭാഗവും. സ്കൂളിലെ ഉച്ചഭക്ഷണം പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികളെ മാത്രമല്ല ഊട്ടിയത്. ഒരു തൊഴിലാളി കുടുംബത്തെ കൂടിയാണ്. കുടുംബത്തിെൻറ പട്ടിണി മാറ്റാനാണ് പലരും സ്കൂളിൽ പാചകത്തൊഴിലാളിയായി എത്തുന്നത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനം കുടുംബത്തിന് കൈത്താങ്ങായിരുന്നു.
സ്കൂളിലെ അധ്യാപകർക്കും അനധ്യാപകർക്കുമൊക്കെ ശമ്പളം ലഭിക്കുേമ്പാഴും വർഷങ്ങളായി സ്കൂളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഞങ്ങളെ ജീവനക്കാരായി പരിഗണിച്ചിട്ടില്ലെങ്കിലും ഒരു മാനുഷിക പരിഗണനയെങ്കിലും നൽകണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.