ആദ്യ ജലവിമാനം തിങ്കളാഴ്ച പറന്നിറങ്ങും
text_fieldsതൊടുപുഴ: ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനം. മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. തിങ്കളാഴ്ച രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം.എൽ.എമാരായ എ. രാജ, എം.എം. മണി എന്നിവർ സന്നിഹിതരാകും. കൊച്ചി ബോൾഗാട്ടി പാലസിൽ രാവിലെ 9.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ്ഓഫ് ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിൻ. കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ കാണാനുമാകും.
മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമാകും.
ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ടുകായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താൻ സർക്കാർതലത്തിൽ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.