പുറം വൈദ്യുതിയിൽ കുറവ്: ആഭ്യന്തര ഉൽപാദനം കൂട്ടി
text_fieldsമൂലമറ്റം: സംസ്ഥാനം പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയിൽ ഉണ്ടായ 350 മെഗാവാട്ടിെൻറ കുറവ് തുടരുന്നു. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചാണ് പ്രതിസന്ധി തരണം ചെയ്യുന്നത്. കൽക്കരി ക്ഷാമത്തിെൻറ പശ്ചാത്തലത്തിൽ പുറംവൈദ്യുതിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്.
ബുധനാഴ്ച സംസ്ഥാനത്ത് മൊത്തം വൈദ്യുതി ഉപഭോഗം 74.05 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 34.52 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തര ഉൽപാദനം വഴി കണ്ടെത്തിയപ്പോൾ 39.52 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. പുറം വൈദ്യുതിക്ക് യൂനിറ്റിന് 10 മുതൽ 20 രൂപവരെ വില വന്നിരുന്നു. നിലവിൽ ശരാശരി വില യൂനിറ്റിന് 14.78 രൂപയാണ്.
വില ഉയർന്നുനിൽക്കുന്ന കാലയളവിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് സാമ്പത്തിക ബാധ്യത കുറക്കാനാണ് വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത്.
ശക്തമായ മഴയെത്തുടർന്ന് ഖനികളിൽ വെള്ളം കയറിയതും ഊർജ ഉൽപാദനം വർധിച്ചതുമാണ് കൽക്കരി ക്ഷാമം രൂക്ഷമാകാൻ കാരണം. ഒക്ടോബർ പകുതിയോടെ ക്ഷാമം മാറുമെന്നാണ് വൈദ്യുതി വകുപ്പ് കരുതുന്നത്. കൽക്കരി ക്ഷാമത്തിന് മുമ്പ് ആഭ്യന്തര വൈദ്യുതി ഉൽപാദനം 30 ശതമാനമായിരുന്നെങ്കിൽ നിലവിൽ 45 ശതമാനത്തിന് മുകളിലാണ്. ഇടുക്കിയിൽ ബുധനാഴ്ച 11.80 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
ശബരിഗിരി 5.4, കുറ്റ്യാടി 2.62, ലോവർ പെരിയാർ 3.02, ഷോളയാർ 1.17, ഇടമലയാർ 1.43 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റ് നിലയങ്ങളിലെ ഉൽപാദനം. വൈദ്യുതി ബോർഡിെൻറ ഡാമുകളിൽ എല്ലാം കൂടി 3388.2 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമുണ്ട്. ഇത് സംഭരണശേഷിയുടെ 81.83 ശതമാനമാണ്.
ജലനിരപ്പ് രണ്ടടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. ഇടുക്കിയിൽ നിലവിൽ ജലനിരപ്പ് 2387.54 അടിയാണ്. ഇത് സംഭരണ ശേഷിയുടെ 82.31 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.