നെടുങ്കണ്ടം താലൂക്ക് ആശുപത്രി: 70 സ്റ്റാഫ് നഴ്സുമാർ വേണ്ടിടത്ത് 16 പേർ
text_fieldsനെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ മൂന്ന് ഘട്ടങ്ങളിലായി വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ആശുപത്രിയെ മികച്ച നിലവാരത്തിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ആശുപത്രിയുടെ ഒന്നാംബ്ലോക്ക് നിർമാണം അവസാനഘട്ടത്തിലേക്ക് അടുത്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം വൈകുമെന്നാണ് വിവരം. രണ്ടാംബ്ലോക്കുകൂടി നിർമിച്ച ശേഷമേ ജില്ല ആശുപത്രി എന്ന നിലയിലുള്ള പ്രവർത്തനം ആരംഭിക്കൂ. ആദ്യഘട്ട വികസനപ്രവർത്തനങ്ങൾക്കായി 149 കോടി രൂപയും രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് 200 കോടിയും മൂന്നാംഘട്ടത്തിൽ 250 കോടിയുമാണ് സംസ്ഥാന സർക്കാർ ആനുവദിച്ചിരിക്കുന്നത്.
നഴ്സുമാരുടെ കുറവ് ആശുപത്രി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇപ്പോഴും ഇവിടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനനുവദിച്ച നഴ്സുമാരാണുള്ളത്. 70 സ്റ്റാഫ് നഴ്സുമാർ വേണ്ടിടത്ത് 16പേർ മാത്രമാണുള്ളത്. പി.എച്ച്.സി പ്രകാരമാണെങ്കിൽ പോലും അഞ്ച് സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുണ്ട്. നഴ്സുമാർ ഇരട്ടി ജോലിചെയ്താണ് ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനുപോലും നഴ്സുമാരുടെ കുറവ് തടസ്സമായി നിൽക്കുന്നുണ്ട്.
ഡോക്ടർമാരുടെ എണ്ണത്തിന് അനുസൃതമായി കൂടുതൽ നഴ്സുമാരെ നിയമിക്കണമെന്നുള്ള മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആരോഗ്യവകുപ്പ് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഡോക്ടർമാരുടെ കുറവുമൂലം രോഗികളുടെ നീണ്ട ക്യൂവാണ്. കാഷ്വാലിറ്റി ഡോക്ടർമാരില്ല. ഈ ചുമതലയും മറ്റ് ഡോക്ടർമാർക്കാണ്. 23 ഡോക്ടർമാരുടെ പോസ്റ്റിൽ 20പേർ ഉണ്ടായിരുന്നതിൽ അഞ്ചുപേർ സ്ഥലംമാറി പോയി. പകരം ആൾ എത്തിയിട്ടില്ല. മെഡിസിൻ, കുട്ടികളുടെ ഡോക്ടർ, ഡെന്റൽ വിഭാഗം, ജൂനിയർ വിഭാഗം, കാഷ്വാലിറ്റി തുടങ്ങിയ ഒഴിവുകൾ നിലവിലുണ്ട്.
പൊട്ടിപ്പൊളിഞ്ഞ് ആശുപത്രി റോഡ്
നിലവിൽ പൊട്ടിപ്പൊളിഞ്ഞ റോഡാണ് ആശുപത്രിയിലേക്കുള്ളത്. ആശുപത്രി റോഡിന്റെ നവീകരണത്തിനായി അഞ്ചുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയതായി പറയപ്പെടുന്നു. പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വാഹനങ്ങൾ ഇടുങ്ങിയ റോഡിൽ പാർക്ക് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന നിർധന രോഗികളുടെ ആശ്രയ കേന്ദ്രമാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി.
നൂറിലധികം കിടക്കകളുണ്ട്. സ്വന്തമായി അഞ്ചേക്കർ സ്ഥലമുള്ള ആശുപത്രിയിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ എറ്റവും ശുചിത്വമുള്ള ആശുപത്രിയാണിത്. 1982ൽ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി തരംതാഴ്ത്തുകയും ചെയ്തു.
കേന്ദ്രസർക്കാറിൽനിന്ന് സി.എച്ച്.സികൾക്ക് മാത്രമായി അനുവദിക്കുന്ന ഫണ്ട് തരപ്പെടുത്താനായിരുന്നു തരംതാഴ്ത്തൽ. പിന്നീട് എല്ലാ താലൂക്കുകളിലും താലൂക്ക് ആശുപത്രികൾ വേണമെന്ന കേന്ദ്രസർക്കാർ നിർദേശം വന്നതോടെ 2009ൽ വീണ്ടും ഈ ആശുപത്രിയെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയാക്കി ഉയർത്തുകയായിരുന്നു. ഇപ്പോൾ ജില്ല ആശുപത്രി പദവിയിലുമായി.
പരിമിതികൾ തുടരുന്നു; ആശ്രയം സ്വകാര്യ ആശുപത്രികൾ
കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടർ ഇല്ലാതായിട്ട് മാസങ്ങളായി. ലക്ഷങ്ങൾ മുടക്കിയാണ് കുട്ടികളുടെ വാർഡ് നിർമിച്ചത്. കുട്ടികളെ ആകർഷിക്കത്തക്കവിധം ചുമരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. എന്നാൽ, ഡോക്ടർ ഇല്ല. ദിനേന 750 മുതൽ 1000വരെ രോഗികൾ ഇവിടെ എത്താറുണ്ട്. ജില്ല ആശുപത്രിക്കായി ഒ.പി ബ്ലോക്ക് പൊളിച്ചതിനാൽ മറ്റൊരു കെട്ടിടത്തിലാണ് ഒ.പി പ്രവർത്തിക്കുന്നത്.
20 ഓളം ഡോക്ടർമാരും വിവിധ ഡിപ്പാർട്മെന്റുകളും ഇവിടെ തിങ്ങിഞെരുങ്ങി പ്രവർത്തിക്കുന്നു. കൂടാതെ കാരുണ്യ ഫാർമസി, കുത്തിവെപ്പ് കേന്ദ്രം, ഡ്രസിങ്, ഓഫിസ് ഇവയെല്ലാം ഈ കെട്ടിടത്തിലാണ്. ദിനേന ഒ.പിയിൽ എത്തുന്നവർക്ക് നിൽക്കാനും ഇരിക്കാനും സ്ഥലസൗകര്യ കുറവുണ്ട്. ഒ.പി ടിക്കറ്റിന് മഴയും വെയിലുമേറ്റ് ക്യൂ നിൽക്കണം. വർഷങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് വാങ്ങിനൽകിയ സ്കാനിങ് മെഷീൻ ഇപ്പോഴും പ്രവർത്തിപ്പിച്ചിട്ടില്ല.
എക്സ്റെ സൗകര്യം പകൽ മാത്രമാണുള്ളത്. രാത്രിയിൽ സ്വകാര്യ ആശുപത്രികളെ സമീപിക്കണം. ബ്ലഡ് ബാങ്ക് സൗകര്യമില്ല. അടിയന്തര ശസ്ത്രക്രിയക്കും മറ്റും ബ്ലഡ്ബാങ്കുള്ള സ്വകാര്യ ആശുപത്രികളെ സമീപിക്കണം.ഹൃദയസംബന്ധമായ രോഗങ്ങൾ, അപകടങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികൾ തുടങ്ങിയവർ സ്വകാര്യ ആശുപത്രികളെ സമീപിക്കണം.
അല്ലെങ്കിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിക്കണം. നിലവിലുണ്ടായിരുന്ന മോർച്ചറി കെട്ടിടം പൊളിച്ചുകളഞ്ഞതോടെ മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയിലാണ്. ഇപ്പോൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ഇരുപതേക്കറിലെ ഗവ. ആശുപത്രിയിലും വേണം മൃതദേഹങ്ങൾ സൂക്ഷിക്കാൻ. ഡോക്ടർമാർ ഉൾപ്പെടെ 153 പേർ സേവനമനുഷ്ഠിക്കുന്നതിൽ ഭൂരിഭാഗവും അന്യജില്ലക്കാരാണ്. ഇവർക്ക് ക്വാർട്ടേഴ്സ് ഇല്ലാത്തതിനാൽ വൻ തുക മുടക്കി സ്വകാര്യ കെട്ടിടങ്ങളിൽ വാടകക്കാണ് താമസം.
(തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.