ഇടുക്കിയിൽ ഇറിഗേഷന്‍ മ്യൂസിയം സ്ഥലപരിശോധന നടന്നു
text_fieldsഇടുക്കി: ചെറുതോണി, ഇടുക്കി ഡാമുകള്‍ക്ക് സമീപം ആലിന്‍ചുവട് ഭാഗത്ത് ജലസേചന വകുപ്പ് മുഖേന ഇറിഗേഷന്‍ മ്യൂസിയം നിർമിക്കുന്നതിന് സ്ഥല പരിശോധന നടത്തി. വിനോദ സഞ്ചാര വകുപ്പ് അനുവദിക്കുന്ന 25 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടക്കുക. ഇറിഗേഷന്‍, റവന്യൂ, ടൂറിസം വകുപ്പുകളും സെന്റർ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.
പദ്ധതിയുടെ സർവേ, രൂപകല്പന എന്നിവക്കായി 26 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന ആണ് മ്യൂസിയം നിര്‍മിക്കുക. പരിശോധനയില്‍ സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. ആദ്യഘട്ടമായി പ്രദേശത്തെ കാട് നീക്കം ചെയ്ത് സർവേ നടത്തും. തുടര്‍ന്ന് നിര്‍മാണങ്ങളുടെ സ്കെച്ച്, പ്ലാന്‍ തുടങ്ങിയവ തയാറാക്കും.
കേരളത്തിലെ വിവിധ ഡാമുകളുടെ മാതൃകകള്‍, ജലസേചന രീതികള്‍, ഇറിഗേഷന്‍ റിസര്‍ച്ച് സെന്റർ, വിജ്ഞാന കേന്ദ്രം, വിനോദങ്ങളിലൂടെ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍, വ്യാവസായിക പരിശീലന കേന്ദ്രം, യോഗങ്ങളും മറ്റും സംഘടിപ്പിക്കുന്നതിനായി ഇവന്റ് സോണ്‍ തുടങ്ങിയവ മ്യൂസിയത്തിന്റെ ഭാഗമായി നിർമിക്കും.
സെന്റർ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് അസോസിയേറ്റ് പ്രഫസര്‍മാരായ ബിജു എസ്. നാരായണ്‍, റിയാസ് കെ. ബഷീര്‍, അസി.പ്രഫസര്‍ ജ്യോതിരാജ് ബി.ജി, തഹസില്‍ദാര്‍ ഭൂരേഖ മിനി കെ. ജോണ്‍, ജല വിഭവ മന്ത്രിയുടെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് മുട്ടം സബ് ഡിവിഷന് അസി.എക്സിക്യൂട്ടീവ് എൻജിനീയര്‍ രമണി കെ.എസ്, അസി.എൻജിനീയര്‍ മരിയ പോള്‍ തുടങ്ങിയവര്‍ സ്ഥല പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.