ജലാശയങ്ങളിൽനിന്ന് സോളാർ വൈദ്യുതി; പദ്ധതിക്ക് വനംവകുപ്പിെൻറ കുരുക്ക്
text_fieldsതൊടുപുഴ: ജലാശയങ്ങളിൽ സൗരോർജ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിക്ക് വനംവകുപ്പിെൻറ കുരുക്ക്. പരിസ്ഥിതിക്ക് ആഘാതമാകാത്തത് എന്ന നിലയിൽ ഏഴ് വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചതിനാൽ എങ്ങുമെത്തിയില്ല. പദ്ധതിക്കായി ഒരുക്കുന്ന അനുബന്ധ സംവിധാനങ്ങൾ പരിസ്ഥിതിയെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെറുകിട ഡാമുകളിൽ ജലനിരപ്പിൽ പൊങ്ങിക്കിടക്കുന്ന സൗര പാനലുകൾ സ്ഥാപിച്ച് സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി. വയനാട് ജില്ലയിലെ ബാണാസുരസാഗർ അണക്കെട്ടിൽനിന്ന് നൂറ് മെഗാവാട്ടും ഇടുക്കി ജില്ലയിലെ അഞ്ചുരുളി, ചെറുതോണി അണക്കെട്ടുകളിൽനിന്ന് 125 മെഗാവാട്ടും ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
ടെൻഡർ വഴി തെരഞ്ഞെടുക്കുന്ന ഏജൻസികൾ ഇൗ രീതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ ബാണാസുരസാഗർ അണക്കെട്ടിൽ ഒമ്പത് കോടി രൂപ ചെലവിൽ 500 കിലോവാട്ടിെൻറ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായിരുന്നു ഇത്. എന്നാൽ, ഇവിടെ പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതിന് പിന്നീട് സാധ്യതാ പഠനം നടന്നില്ല.
ചെറുതോണി, അഞ്ചുരുളി ഡാമുകളിൽ പദ്ധതി നടപ്പാക്കുന്നതിന് വനം വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി സബ്സ്റ്റേഷനുകളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നത് വനമേഖലയെയും ആനത്താരകെളയും ദോഷകരമായി ബാധിക്കുമെന്നാണ് വനംവകുപ്പിെൻറ വാദം.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം, വൈദ്യുതി മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ പെങ്കടുപ്പിച്ച് അടുത്തിടെ ഉന്നതതല യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. കെ.എസ്.ഇ.ബിക്ക് പുറമെ ജലസേചന വകുപ്പിന് കീഴിലുള്ള ജലാശയങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് ജലസേചന വകുപ്പിന് കെ.എസ്.ഇ.ബി കത്ത് നൽകിയിരുന്നു. കോടികൾ മുടക്കി ജലാശയങ്ങളിൽനിന്ന് സൗര പാനലുകൾ വഴി വൈദ്യുതി ഉൽപാദിപ്പിച്ചാലും തിരക്കേറിയ സമയങ്ങളിലെ കേരളത്തിെൻറ ആവശ്യത്തിന് തികയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.