സ്പൈസസ് ബോർഡിന്‍റെ പ്രത്യേക ഏലക്ക ഇ-ലേലം 24ന്
text_fieldsകട്ടപ്പന: ഏലം പ്രതിസന്ധി പരിഹരിക്കാൻ ജൈവ ഏലക്ക വിദേശ വിപണിയിൽ വിൽക്കാൻ സ്‌പൈസസ് ബോർഡ് ആവിഷ്കരിച്ച പ്രത്യേക ഇ-ലേലം 24ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടക്കും. ഇതിനായി വെള്ളി, ശനി ദിവസങ്ങളിൽ ഏലക്ക വിൽപനക്കായി പതിക്കാംമാസ് ഏജൻസീസ് വണ്ടന്മേട്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി, ഹെഡർ സിസ്റ്റംസ് ഇന്ത്യ ലിമിറ്റ്, കാർഡമം പ്ലാന്‍റേഴ്സ് മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ പ്രത്യേക ഇ-ലേലമാണ് നടക്കുക. വെള്ളിയും ശനിയും വിൽപനക്കായി പതിക്കുന്ന ഏലക്കയുടെ സാമ്പിൾ 11ന് പരിശോധനക്ക് അയക്കും. ഗുണനിലവാര പരിശോധനയിൽ വിജയിച്ച ഏലക്കയാകും 24ന് ലേലം ചെയ്യുക.
ഏലം പ്രതിസന്ധി പരിഹരിക്കാൻ ജൈവ ഏലക്ക വിദേശ വിപണിയിൽ വിൽക്കാൻ സ്‌പൈസസ് ബോർഡ് ആവിഷ്കരിച്ച പദ്ധതിയാണ് 'സേഫ് ടു ഈറ്റ്'. സ്‌പൈസസ് ബോർഡ് നേരിട്ട് കീടനാശിനിയുടെ തോത് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന ഏലക്ക മാത്രമായിരിക്കും ഈ പദ്ധതിയിൽപെടുത്തി ലേലത്തിനു പതിക്കുക.
പദ്ധതിയിൽ ഉൾപ്പെടുത്തി ലേലത്തിൽ വിൽക്കാൻ ആഗ്രഹിക്കുന്ന കർഷകർ വെള്ളിയും ശനിയും ലേല കേന്ദ്രത്തിൽ എത്തിക്കണം. ഇങ്ങനെ എത്തിക്കുന്നവയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്നറിയാനാണ് സാമ്പിൾ പരിശോധനക്ക് അയക്കുന്നത്. നിറം ചേർത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ കീടനാശിനിയുടെ അളവ് നിർണയിക്കാൻ ലാബിൽ പരിശോധന നടത്തും. ബോർഡിന്‍റെ കൊച്ചിയിലെ ലാബിലാണ് പരിശോധിക്കുക.
എല്ലാ മാസത്തിന്‍റെയും അവസാന ശനിയാഴ്ചയാകും 'സേഫ് ടു ഈറ്റ്' പദ്ധതിയിൽ ലേലം നടക്കുക. പരിശോധനക്ക് ചെലവാകുന്ന തുകയുടെ മൂന്നിലൊന്ന് ബോർഡ് വഹിക്കും. ഏലക്കയിൽ അമിത കീടനാശിനി സാന്നിധ്യം കണ്ടെത്തിയാൽ പരിശോധനയുടെ മുഴുവൻ ചെലവും കർഷകൻ വഹിക്കണം. രാസവസ്തുക്കളില്ലാത്ത ഏലം കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യൻ ഏലക്കക്ക് നഷ്ടപ്പെട്ട വിദേശ വിപണി തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് സ്‌പൈസസ് ബോർഡ്. 24ന് നടക്കുന്ന ലേലത്തിൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് ഏലം കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.