സഞ്ചാരികളെ മാടിവിളിച്ച് ശ്രീനാരായണപുരം
text_fieldsഅടിമാലി: വേനൽക്കാലത്ത് മുതിരപ്പുഴയാറിന്റെ കുളിരും സൗന്ദര്യവും സുരക്ഷിതമായി ആസ്വദിക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രം.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിലെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്. മനോഹരങ്ങളായ അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.
വെള്ളച്ചാട്ടം അടുത്തുനിന്ന് കാണാൻ നീളമേറിയ പവിലിയനുണ്ട്. പുഴയുടെ കുറുകെയുള്ള സിപ് ലൈൻ സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടവിനോദമാണ്. ഫിഷ് സ്പാക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടം മുതൽ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന എല്ലാ സ്ഥലത്തും വേലി സ്ഥാപിച്ച് സഞ്ചാരികളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. പുഴയിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരെ അപകട ഭീഷണിയില്ലാത്ത സ്ഥലങ്ങളിൽ ഗൈഡുകൾ എത്തിക്കും.
മൂന്ന് ശുചിമുറി, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ഡ്രസിങ് റൂം, രണ്ട് വിശ്രമമുറി എന്നിവ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. മാനേജർ സി.ജി. മധുവിന്റെ നേതൃത്വത്തിൽ 10 ജീവനക്കാരാണ് സഞ്ചാരികൾക്ക് എല്ലാ സേവനങ്ങളും നൽകുന്നത്.
കുഞ്ചിത്തണ്ണി-രാജാക്കാട് റോഡിൽ തേക്കിൻകാനത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം. അടിമാലി-രാജാക്കാട് റോഡിൽ പന്നിയാർകുട്ടിയിൽനിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ശ്രീനാരായണപുരത്ത് എത്താം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. സിപ്ലൈൻ യാത്രക്ക് 500 രൂപയും ഫിഷ് സ്പാക്ക് 150 രൂപയുമാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.