കൂരയിലെ നക്ഷത്രത്തിളക്കമായി വിജയ് രാജിന്‍റെ വിജയം
text_fieldsമൂലമറ്റം: പടുത മറച്ചുകെട്ടിയ കൂരയിലിരുന്ന് പഠിച്ച വിജയ് രാജ് വീട്ടിലെ പരിമിതികൾക്ക് നടുവിലേക്ക് കൊണ്ടുവന്നത് എസ്.എസ്.എൽ.സി പരീക്ഷയിലെ ഫുൾ എ പ്ലസ് വിജയത്തിന്‍റെ തിളക്കം. മൂലമറ്റം ആശ്രമം ഊളാനിയിൽ വീട്ടിൽ രാജേഷ്-സതി ദമ്പതികളുടെ ഇളയമകനാണ് ഉന്നത വിജയം നേടിയ ഈ കൊച്ചുമിടുക്കൻ.
അറക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് വിജയ് രാജ്. കാലപ്പഴക്കം മൂലം പഴയവീട് തകർന്നതോടെയാണ് പടുതകെട്ടി ചെറുകൂര പണിത് കുടുംബം അങ്ങോട്ട് മാറിയത്. എട്ടുവർഷമായി ഈ കൂരയിലാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം നല്ലൊരു വീട് നിർമിക്കാൻ ഇതുവരെ സാധിച്ചില്ല. പശുക്കറവയാണ് കുടുംബത്തിന്‍റെ ഏക വരുമാനമാർഗം. 70 സെന്‍റ് സ്ഥലം ഉണ്ടെങ്കിലും കാട്ടുപന്നിയുടെയും കുരങ്ങിന്‍റെയും ശല്യംകാരണം കപ്പകൃഷി പോലും സാധ്യമല്ല. 24 സെന്‍റിൽ അധികം സ്ഥലം ഉള്ളതിനാൻ ലൈഫ് പദ്ധതിയിലും വീട് ലഭിക്കുന്നില്ല.
പല കാരണങ്ങളാൽ ദൈനംദിന ചെലവുകളും മക്കളുടെ പഠനവും മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന രാജേഷിനും കുടുംബത്തിനും വീണുകിട്ടിയ പ്രതീക്ഷയും സന്തോഷവുമാണ് വിജയ് രാജിന്‍റെ തിളക്കമാർന്ന വിജയം. ഗതാഗത സൗകര്യം നന്നേ കുറവുള്ള ആശ്രമം ഭാഗത്തെ വീട്ടിലേക്ക് മൂലമറ്റംവരെ ബസിൽ വന്നശേഷം നടന്നാണ് വിജയ് എത്തുന്നത്. പരാധീനതകളുടെ നടുവിലും ഉജ്ജ്വല വിജയം നേടിയതോടെ നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.